‘സർക്കാരിൻ്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചന’, അനിശ്ചിതകാല സമരവുമായി മദ്യനിരോധന സമിതി; മുചുകുന്നിൽ വിശദീകരണ സമ്മേളനം


മുചുകുന്ന്: സർക്കാറിൻ്റെ മദ്യനയത്തിനെതിരെ അനിശ്ചിതകാല സമരവുമായി മദ്യനിരോധന സമിതി. മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന് പോകുന്ന സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. കേളപ്പജി നഗറിൽ സംഘടിപ്പിച്ച പരിപാടി കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സർക്കാരിൻ്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചനയാണെന്നും തിരഞ്ഞെടുപ്പു പ്രകടനപത്രികയെ തള്ളി കൊണ്ടുള്ള നടപടിക്ക് സർക്കാർ വൻ വില നൽകേണ്ടി വരുമെന്നും എംഎൽഎ പറഞ്ഞു. അധികാരത്തിൽ വന്നാൽ മദ്യവർജ്ജന ബോധവൽക്കരണത്തിലൂടെ കേരളത്തെ ലഹരി മുക്തമാക്കുമെന്ന് സമ്മതിദായകർക്ക് വാക്കുനൽകിയവർ അതിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് എംഎൽഎ ആരോപിച്ചു.

ഹമീദ് പുതുക്കുടി അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കഷ്ണൻ, സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.ബാലകഷ്ണൻ, ഷൗക്കത്തലി ദാരിമി, എഴുത്തുകാരൻ തിക്കോടി നാരായണൻ മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പൻ കന്നാട്ടി, എൻ.എം.പ്രകാശൻ, ഇയ്യച്ചേരി പത്മിനി’ വി.എം.രാഘവൻ, വി.കെ.ദാമോദരൻ, നസീമ സമദ്, വേലായുധൻ കീഴരിയൂർ, ഇ.സുബൈർ, അഹമ്മദ് ദാരിമി, പി.രുഗ്മിണി എന്നിവർ സംസാരിച്ചു.

Summary: KERALA MADHYA NIRODHANA SAMITHI will begin strike