പ്രതിസന്ധികളാല്‍ മങ്ങിപ്പോയ ബ്രൈറ്റ് വിനോദന്റെ ജീവിതത്തിന് നിറം പകരും ഈ ചിത്രങ്ങള്‍; കൊയിലാണ്ടി ആര്‍ട്ട് ഗാലറിയില്‍ ചിത്രപ്രദര്‍ശനമൊരുക്കി സുഹൃത്തുക്കള്‍
കൊയിലാണ്ടി: ചിത്രകാരന് ബ്രൈറ്റ് വിനോദിന് സഹായഹസ്തവുമായി കൊയിലാണ്ടിയിലെ സുഹൃത്തുക്കള്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് 11 മുതല്‍ റെയില്‍വേ സ്റ്റേഷന് റോഡിലുള്ള ശ്രദ്ധ ആര്‍ട്സ് ഗാലറിയില്‍ സുഹൃത്തുക്കള്‍ മുന്‍കൈയെടുത്ത് വിനോദിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
പോളിയോ ബാധിച്ച് ചെറുപ്രായത്തില്‍ തന്നെ ചലനശേഷി നഷ്ടപ്പെട്ടിട്ടും മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചുപിടിച്ച് ചിത്രകലയിലൂടെ ശ്രദ്ധനേടിയ ആളാണ് വിനോദന്‍. ഒരുകാലത്ത് കൊയിലാണ്ടിയിലെ പല പ്രധാന വിശേഷങ്ങളും നാടറിഞ്ഞത് വിനോദന്‍ തയ്യാറാക്കിയ ബാനറുകളിലൂടെയും ബോര്ഡുകളിലൂടെയുമായിരുന്നു.
സ്കൂളുകള്ക്കായാലും ഓഫീസുകള്‍ക്കോ രാഷ്ട്രീയ സംഘടനകള്‍ക്കോ വേണ്ടിയായാലും തുണിയിലും ബോര്‍ഡുകളിലും വിനോദന്‍ തയ്യാറാക്കിയ ബാനറുകളും മറ്റുമുണ്ടാകും. എന്നാല്‍ ഫ്ളക്സുകള്‍ വന്നതോടെ ജീവിതം വഴിമുട്ടി. ഇതിനിടയില്‍ വിനോദ് സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതോടെ ജീവിതം കൂടുതല്‍ ഇരുട്ടിലായി.
ചരിഞ്ഞുകിടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്നിട്ടും ഏറെ ബുദ്ധിമുട്ടി ചിത്രം വരച്ച് അതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രകാരന്മാരായ സുഹൃത്തുക്കള്‍ വിനോദിനുവേണ്ടി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.