‘കോവിഡ് കാലം ഫിറ്റ്‌നസ് ഇംപ്രൂവ് ചെയ്യാന്‍ മാറ്റിവെച്ചു; അതോടെ കളിയും ഇംപ്രൂവായി’ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് അച്ഛന്‍ സുശീല്‍ കുന്നുമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കോവിഡ് കാലം ഫിറ്റ്‌നസ് ഇംപ്രൂവ് ചെയ്യാന്‍ മാറ്റിവെച്ചതാണ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹന്‍ കുന്നുമ്മലിന് തുണയായതെന്ന് അച്ഛന്‍ സുശീല്‍ കുന്നുമ്മല്‍ പറഞ്ഞു. കേരള ടീമിന്റെ സ്ട്രങ്ത് ആന്റ് കണ്ടീഷനിങ് ട്രെയ്‌നറായ വൈശാഖ് കൃഷ്ണയ്ക്കു കീഴിലായിരുന്നു പരിശീലനം. ആഴ്ചയില്‍ അഞ്ചു ദിവസവും ഇതിനായി കോഴിക്കോടേക്ക് പോകും. ഫിറ്റ്‌നസ് ഇംപ്രൂവ് ചെയ്തതോടെ ആത്മവിശ്വാസവും വര്‍ധിച്ചു. അതാണ് രഞ്ജി മത്സരത്തില്‍ കണ്ടതെന്നും സുശീല്‍ കുന്നുമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അച്ഛനാണ് രോഹന്റെ ഹീറോ. അച്ഛന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ രോഹന്‍ എന്ന ക്രിക്കറ്റ് താരവുമുണ്ടാവില്ലായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്നു സുശീല്‍ കുന്നുമ്മല്‍. അഗ്രഹിക്കള്‍ച്ചറില്‍ ബിരുദവും നേടി. എന്നാല്‍ സ്വന്തം കരിയര്‍ തന്നെ ഉപേക്ഷിച്ച് മകനെ മികച്ച ക്രിക്കറ്റ് താരമാക്കുകയെന്ന ലക്ഷ്യത്തിനു പിന്നാലെയായിരുന്നു കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി അദ്ദേഹം.

‘ ഞാന്‍ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതായി പലര്‍ക്കും തോന്നിയിട്ടുണ്ടാവും. പക്ഷേ, അവനിലൂടെ ഞാനെന്റെ സ്വപ്‌നം നേടുകയാണ് ചെയ്തത്’ അദ്ദേഹം പറയുന്നു. സുശീല്‍ കുന്നുമ്മലിന്റെ സ്വപ്‌നമായിരുന്നു ക്രിക്കറ്റ്. പക്ഷേ, പഠനത്തിനായിരുന്നു കുടുംബം പ്രാധാന്യം കൊടുത്തത്. അതോടെ ക്രിക്കറ്റ് ഉപേക്ഷിച്ചു. രോഹന്‍ ജനിച്ചപ്പോള്‍ മുതല്‍ ആ സ്വപ്‌നം വീണ്ടെടുക്കാമെന്ന പ്രതീക്ഷയായിരുന്നു മനസ് നിറയെ. ‘കളിപ്പാട്ടത്തിന് പകരം അവന് ഞാന്‍ ക്രിക്കറ്റ് ബാറ്റാണ് നല്‍കിയതെന്നുതന്നെ പറയാം. അഞ്ചാം വയസില്‍ ബാറ്റ് അവന്റെ കയ്യില്‍ കൊടുത്തതാണ്. അന്നേ അവന്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ അവനില്‍ ഒരു ക്രിക്കറ്ററെ ഞാന്‍ കണ്ടിരുന്നു.’ സുശീല്‍ പറയുന്നു.

നന്നായി പഠിക്കുന്ന മകനെ ക്രിക്കറ്റ് കളിക്കാരനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പേരില്‍ പലരില്‍ നിന്നും പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും സുശീല്‍ പറയുന്നു. ‘ഈ നാട്ടുമ്പുറത്തുനിന്നൊന്നും ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത ഒന്നായാണ് ക്രിക്കറ്റ് എന്ന കായികലോകത്തെ പൊതുസമൂഹം കണ്ടത്. പക്ഷേ ഞാനത് തിരുത്തി.’ അദ്ദേഹം പറഞ്ഞു.

രഞ്ജി മത്സരത്തിലെ ശ്രദ്ധേയമായ പ്രകടനം ഇന്ത്യന്‍ ടീം എന്ന സ്വപ്‌നത്തിലേക്കുള്ള രോഹന്റെ യാത്രയുടെ ദൂരം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സുശീല്‍. ‘രഞ്ജിയിലെ പ്രകടനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ വരുന്ന എല്ലാവരേയും പോലെ ഇന്ത്യയ്ക്കുവേണ്ടി കളിക്കുകയെന്നു തന്നെയാണ് അവന്റെയും സ്വപ്നം. അതിലേക്കുള്ള പ്രയാണം ഇത് എളുപ്പമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’ സുശീല്‍ പ്രത്യാശിച്ചു.