മൂന്നക്ക ലോട്ടറി ചൂതാട്ടം; കൊയിലാണ്ടിയില്‍ മൂന്നുപേര്‍ പിടിയില്‍, 22000ലേറെ രൂപ പിടിച്ചെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി: മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ മൂന്നുപേര്‍ പിടിയില്‍. കൊടക്കാട്ടുമുറി, കൊയിലാണ്ടി ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മുചുകുന്ന് സ്വദേശികളായ കിഴക്കെ പറമ്പില്‍ ബാലകൃഷ്ണന്‍, വടക്കേ കുന്നേമ്മല്‍ ശശിധരന്‍, പുതുശ്ശേരിക്കണ്ടി മോഹനന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 22200രൂപ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.  

ശശിധരനെ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ബാലകൃഷ്ണന്‍, മോഹനന്‍ എന്നിവരെ സ്വന്തമായി നടത്തുന്ന മുചുകുന്നിലെ കടയിൽ നിന്ന് പിടികൂടുകയായിരുന്നു. കൊടക്കാട്ടുമുറി, കൊയിലാണ്ടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നക്ക ലോട്ടറി ചൂതാട്ടം സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി വിൽപ്പനയുടെ മറവിലാണ് ഇവർ ഇത്തരം തട്ടിപ്പ് നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊയിലാണ്ടി എസ്.ഐ.അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വലിയ തിരക്കില്ലാത്ത പല സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് നടത്തുന്നത്. മൂന്നക്ക നമ്പർ എഴുതിക്കൊടുത്ത് ചൂതാട്ടത്തിലേർപ്പെടുകയാണ് പതിവ്. ഇവർ എത്തുന്നതറിഞ്ഞാൽ സ്ഥിരമായി കളിക്കാനെത്തുന്നവർ ഒത്തുകൂടും. കൊയിലാണ്ടി എസ്. ഐ അനീഷ്, ശൈലേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിശാന്ത്, എസ്.സി.പി.ഒ ഡ്രെെവർ ഒ.കെ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. 

Summary: Three-digit lottery gambling, Three persons arrested in Koyilandy. more than 22000 rupees seized