50 ചെണ്ടവാദ്യക്കാര്‍ ഒരുക്കുന്ന വിളംബര മേളം, 107 പേര്‍ അണിനിരക്കുന്ന സ്വാഗതഗാനം, നൃത്തനൃത്ത്യങ്ങള്‍; പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണത്തിനൊരുങ്ങി നാട്
ചേമഞ്ചേരി: നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി കഥകളി വിദ്യാലയം ചേലിയ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന് സമ്മാനിക്കും. ആഗസ്ത് 12- ശനിയാഴ്ച 3 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പുരസ്‌കാര സമര്‍പ്പണം നടത്തുന്നത്.
11111 രൂപയും ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗുരുവിന്റെ 107-ാം പിറന്നാളിനോടനുബന്ധിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ. എം.ആര്‍ രാഘവ വാര്യര്‍, മദന്‍ കെ. മേനോന്‍, കലാമണ്ഡലം കേശവന്‍ കുണ്ഡലായര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കല്ലുവഴിച്ചിട്ടയില്‍ കഥകളി രംഗത്തെ മുതിര്‍ന്ന അഭിനേതാവും കഥകളി അധ്യാപകനുമായ ബാലസുബ്രഹ്‌മണ്യന്‍ കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമാണ്.
കൊയിലാണ്ടി എം എല്‍ എ ശ്രീമതി കാനത്തില്‍ ജമീല അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ. മുരളീധരന്‍ എം.പി. വിശിഷ്ടാതിഥിയാവും. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മൃദുലാ വാര്യര്‍, വെണ്‍മണി ഹരിദാസ് പുരസ്‌കാരംനേടിയ കലാനിലയം ഹരി എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.എം കോയ, ആര്‍ട്ടിസ്റ്റ് മദനന്‍,ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍ തുടങ്ങിയ രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. 50 ചെണ്ടവാദ്യക്കാര്‍ ഒരുക്കുന്ന വിളംബര മേളം, 107 പേര്‍ അണിനിരക്കുന്ന സ്വാഗതഗാനം മോഹിനിയാട്ടം, കേരള നടനം, കുച്ചുപ്പുടി, നൃത്ത സംഗീതിക, കഥകളി തുടങ്ങിയ കലാപരിപാടികളുമുണ്ടാവും.
സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ പി.അബ്ദുള്‍ ഷുക്കൂര്‍, വിജയരാഘവന്‍ ചേലിയ, കെ.കെ.ശങ്കരന്‍ മാസ്റ്റര്‍, കലാമണ്ഡലം പ്രേംകുമാര്‍, എന്‍.കെ.ശശി, ടി.നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.