പട്ടാമ്പി ചോദിച്ചു, അവര്‍ക്ക് കിട്ടി, കൊയിലാണ്ടി കാലങ്ങളായി ചോദിക്കുന്നു, ഇതുവരെ കനിഞ്ഞില്ല; കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു


കൊയിലാണ്ടി: കാലങ്ങളായുള്ള ആവശ്യമായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് സ്റ്റേഷന്‍ എന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികാരികള്‍. ഏറ്റവുമൊടുവില്‍ ഇതേ ആവശ്യമുന്നയിച്ച പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ സേ്റ്റാപ്പ് അനുവദിച്ചപ്പോഴും കൊയിലാണ്ടിയെ കണ്ടില്ലെന്ന് നടിക്കുകയാണ് റെയില്‍വേ അധികൃതര്‍.

ദിവസേന നാലായിരത്തോളം യാത്രക്കാര്‍ ട്രെയിന്‍ കയറാനെത്തുന്ന ഇടമാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള പ്രധാന സ്‌റ്റേഷനാണ്. മേപ്പയ്യൂര്‍, പേരാമ്പ്ര എന്നിവിടങ്ങളുള്‍പ്പെടെ മലയോരമേഖലയിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സ്‌റ്റേഷനുമാണ്. കോഴിക്കോട്ടേക്കും വടകരയ്ക്കും കൊയിലാണ്ടിയില്‍ നിന്ന് പോകാന്‍ 24 കിലോമീറ്റര്‍ ദൂരമുണ്ട്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രയില്‍ ഗതാഗതക്കുരുക്കും പതിവാണ്. അതുകൊണ്ടുതന്നെ കൊയിലാണ്ടിയില്‍ ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിച്ചാല്‍ നിരവധിയാളുകള്‍ക്ക് വടകരയ്‌ക്കോ കോഴിക്കോട്ടേക്കോ ഉള്ള യാത്ര ഒഴിവാക്കി കൊയിലാണ്ടിയില്‍ നിന്നുതന്നെ ഇന്റര്‍സിറ്റി ട്രെയിനില്‍ കയറാനാവും.

ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരുമണിക്കുള്ള മംഗളുരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ കഴിഞ്ഞാല്‍ 4.40നുള്ള മംഗലാപുരം-ചെന്നൈ മെയില്‍ മാത്രമാണ്് ഇവിടെ നിര്‍ത്തുന്നത്. ഇതിനിടയിലാണ് മംഗളുരു-കോയമ്പത്തൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ കടന്നുപോകുന്നത്. ഈ ട്രെയിനുകള്‍ ഒരുമിനിട്ട് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത് സമയക്രമത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യാത്രക്കാര്‍ പറയുന്നു.mid4]