മുഹമ്മദ് ഷാമിലിന് ഇനി കൂട്ടുകാര്‍ക്കൊപ്പം പഠിക്കാം; വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: കിടപ്പിലായ കുട്ടികൾക്കും വിദ്യാലയ അനുഭവം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടി ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമിലിന്റെ വീട്ടില്‍ കാനത്തില്‍ ജമീല എംഎല്‍എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വെർച്വൽ ക്ലാസ് റൂം പദ്ധതിയുടെ ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് മുഹമ്മദ് ഷാമിൽ. പദ്ധതിയിലൂടെ കിടപ്പിലായ കുട്ടികള്‍ക്കും വിദ്യാലയ അനുഭവം ലഭിക്കും. ജില്ലയിൽ ആദ്യ ഘട്ടത്തിൽ 17കുട്ടികൾക്കാണ് വെർച്വൽ റൂം പഠന സൗകര്യം ഒരുങ്ങുന്നത്.

കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബി.പി.സി കെ ഉണ്ണികൃഷ്ണൻ, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി യിലെ പ്രധാനാധ്യാപിക കെ.അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വാർഡ് കൗൺസിലർ കെ എം നജീബ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സന്ധ്യാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.