കള്ളക്കേസെടുത്ത് പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കിൽ നേരിടാന്‍ തന്നെയാണ് തീരുമാനം; പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച്


പയ്യോളി: കള്ളക്കേസ് എടുത്ത്‌ പീഡിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിനെ നേരിടാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് കെ.പി.സി.സി അംഗം മഠത്തില്‍ നാണു മാസ്റ്റര്‍. പയ്യോളി പോലീസ് സ്‌റ്റേഷനിലേക്ക് പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ കള്ളക്കേസെടുത്ത് തുറുങ്കിലടയ്ക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ഇതുപോലെ അധികകാലം മുമ്പോട്ട് പോകാന്‍ കഴിയുമെന്ന് വ്യാമോഹിക്കേണ്ടെന്നും അദ്ധേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി പ്രതികാര രാഷ്ട്രീയം കളിക്കുന്നതിനെതിരെയും, മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ഹീനവും ജനാധിപത്യ വിരുദ്ധവുമായ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന്‍ കവാടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രവേശന കവാടം ഉപരോധിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സന്തോഷ് തിക്കോടി, ഡിസിസി അംഗം പുത്തുക്കാട്ട് രാമകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രേമ ബാലകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇ.സൂരജ്, കെ.പി രമേശന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ ശീതള്‍ രാജ്, തൊടുവയല്‍ സദാനന്ദന്‍, മുജേഷ് ശാസ്ത്രി, രമ ചെറുകുറ്റി, അഷ്‌റഫ് തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.