ഭക്തിസാന്ദ്രമായി കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങ്


കൊയിലാണ്ടി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഇല്ലം നിറ ചടങ്ങ് നടന്നു. ഇന്ന് രാവിലെ 10മണിക്കും 11 മണിക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സതിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

പൂജിച്ച നെല്‍കതിരുകള്‍ ഭഗവതിക്കും ഉപദേവന്മാര്‍ക്കും ക്ഷേത്ര പത്തായപ്പുരയിലും സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്തു. കതിരുകള്‍ വീടുകളില്‍ സൂക്ഷിക്കുന്നത്‌ ആയുരാരോഗ്യത്തിനും സമ്പല്‍ സമൃദ്ധിക്കും വിശേഷമാണെന്നാണ് വിശ്വാസം. നിരവധി ഭക്തജനങ്ങള്‍ ഇല്ലം നിറയില്‍ പങ്കെടുത്തു.

ചടങ്ങില്‍ ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍, സി.ഉണ്ണികൃഷ്ണന്‍, എം ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.