ജനസമ്പര്‍ക്ക പരിപാടിയിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പിയ ഉമ്മന്‍ചാണ്ടി; കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേരിട്ടിറങ്ങിയ ജനകീയന്‍


കൊയിലാണ്ടി: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനകീയനായ നേതാവ്! പകരം വെക്കാനില്ലാത്ത രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മടങ്ങുമ്പോള്‍ കോഴിക്കോടുകാര്‍ക്കും അത് തീരാനഷ്ടമാവുകയാണ്. ജനസമ്പര്‍ക്ക പരിപാടിയിലിലൂടെ ഒരായിരം മനുഷ്യരുടെ കണ്ണീരൊപ്പിയ ഉമ്മന്‍ചാണ്ടി കോഴിക്കോടിന്റെ 2 പ്രധാന വികസന പദ്ധതികള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തിട്ടുണ്ട്‌.

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമേറ്റെടുക്കാന്‍ തുടക്കമിട്ടതും ദേശീയപാത 66 പുളാടിക്കുന്നില്‍ നിന്ന് വെങ്ങളം വരെ ദീര്‍ഘിപ്പിച്ചതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു. ഉമ്മന്‍ചാണ്ടി പ്രത്യേക താല്‍പര്യമെടുത്താണ് ദേശീയപാത 66 രാമനാട്ടുകര മുതല്‍ വെങ്ങളം വരെ നീട്ടിയത്. അന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു റോഡ് പണിയുടെ ചുമതല.

റോഡ് പണി ആരംഭിക്കുന്ന സമയത്ത് നിശ്ചിത സമയത്തിന് മുമ്പായി പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന് അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നുവെന്ന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ഓര്‍ക്കുന്നു. കരാര്‍ പ്രകാരം 24 മാസമായിരുന്നു ഊരാളുങ്കലിന് നല്‍കിയ സമയപരിധി. 18മാസം കൊണ്ട് തീര്‍ത്തു തരാന്‍ പറ്റുമോ ? എന്നായിരുന്നു അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചത്.

എന്നാല്‍ 16 മാസം കൊണ്ടു പണി തീര്‍ത്തുതരാം എന്ന് മറുപടി കേട്ട് അദ്ധേഹം ചിരിച്ചത് ഇന്നും രമേശന്റെ ഓര്‍മയിലുണ്ട്‌. ഉയര്‍ന്ന നിലവാരത്തിനൊത്ത് 144.6 കോടി രൂപ ചിലവഴിച്ചാണ് കൃത്യസമയത്ത് ഊരാളുങ്കല്‍ റോഡ് പണി തീര്‍ത്ത് ഉദ്ഘാടത്തിനായി തുറന്നു കൊടുത്തത്‌. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടുള്ള കാലത്ത് തന്നെയായിരുന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള ബോ സ്ട്രിങ്ങ് പാലമായ വലിയഴീക്കല്‍ പാലം നിര്‍മ്മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ തിരഞ്ഞെടുത്തതും.

വികസന നായകനായ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനത്തിനും മുമ്പില്‍ നിന്ന് നേതൃത്വം നല്‍കിയത്. പ്രഖ്യാപനങ്ങളില്‍ മാത്രമായി റോഡ് വികസനം ഒതുങ്ങിപ്പോയപ്പോള്‍ ഡോ.എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ അന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ഉദ്യോഗസ്ഥ യോഗത്തിലായിരുന്നു ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയത്.

യോഗത്തില്‍ അന്നത്തെ കലക്ടറായിരുന്ന കെ.വി മോഹന്‍കുമാര്‍ ഈ റോഡുമായി ബന്ധപ്പെട്ട ഫയലുകളൊന്നുെ തന്റെ മുമ്പില്‍ എത്തുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം 2014ല്‍ മരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയറായിരുന്ന സാബു കെ.ഫിലിപ്പിന് അക്വിസിഷന്‍ വിഭാഗം സ്‌പെഷ്യല്‍ ഓഫീസര്‍ എന്ന അധികചുമതല നല്‍കിയായിരുന്നു റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയത്.