പഠനത്തില്‍ പറന്നുയരാന്‍ ലണ്ടനിലേക്ക് പറന്ന് ഹർഷ ഹരിദാസ്; പിജിക്കായി കൊയിലാണ്ടി പൂക്കാടുകാരി ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്ക്‌സിലേക്ക്
കൊയിലാണ്ടി: ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിജി ചെയ്യണമെന്ന് മാത്രമായിരുന്നു കൊയിലാണ്ടി പൂക്കാട് സ്വദേശി ഹര്‍ഷയുടെ ആഗ്രഹം. എന്നാല്‍ ലണ്ടനിലുള്ള സഹോദരിയും ഭര്‍ത്താവും അവിടുത്തെ കോളേജിനെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ലണ്ടനില്‍ പിജി ചെയ്തുകൂടാ…? എന്ന ചിന്ത ഹർഷയുടെ മനസില്‍ ഉദിച്ചു.. ഒന്നും നോക്കീല്ല, അതിനുള്ള ശ്രമം ആരംഭിച്ചു. ഡീറ്റൈയില്‍സ് എല്ലാം വെച്ച് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്ക്‌സില്‍ അപേക്ഷയും കൊടുത്തു.
1000 വാക്കുകളില്‍ കവിയാതെ തന്റെ വ്യക്തിത്വം പരിചയപ്പെടുത്തുന്നതായിരുന്നു ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്‌ണോമിക്‌സില്‍ അപ്ലൈ ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി. എന്നാല്‍ ഹര്‍ഷ അതിനെയും മറികടന്നു. ”അപ്പോഴും അഡ്മിഷന്‍ കിട്ടുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. നാട്ടിലെ സാധാരണ കോളേജില്‍ ഡിഗ്രി ചെയ്ത തനിക്ക് ഇത്രയും വലിയ കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല എന്നുതന്നെ വിചാരിച്ചിരുന്നുവെന്ന് ഹര്‍ഷ കൊയിലാണ്ടി ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു.
2023 ഫെബ്രുവരിയിലെ അവസാന ആഴ്ചയിലായിരുന്നു പിജിക്ക് അപ്ലൈ ചെയ്തത്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് റിജക്ഷന്‍ ലെറ്റര്‍ പ്രതീക്ഷിച്ചിരുന്ന ഹര്‍ഷയ്ക്ക് മെയ് ആദ്യത്തെ ആഴ്ച തന്നെ ഓഫര്‍ ലെറ്റര്‍ വന്നു.
മകള്‍ക്ക് ഇത്രയും വലിയ കോളേജില്‍ പഠിക്കാന്‍ അവസരം കിട്ടിയ സന്തോഷത്തിലാണ് ഹര്‍ഷയുടെ മാതാപിതാക്കളായ ഹരിദാസനും അമ്മ റീത്തയും. രണ്ടു പേരും സ്‌ക്കൂള്‍ അധ്യാപകരാണ്. കൊയിലാണ്ടി ഗേള്‍സിലടക്കം പഠിപ്പിച്ച ഹരിദാസന്‍ മാഷ് നിലവില്‍ റിട്ടയഡാണ്. അമ്മ തിരുവങ്ങൂര്‍ സ്‌ക്കൂളിലെ സയന്‍സ് അധ്യാപികയാണ്.
പത്താം ക്ലാസ് വരെ കൊയിലാണ്ടി ഭവന്‍സ് സ്‌ക്കൂളിലായിരുന്നു ഹര്‍ഷ പഠിച്ചത്. തൃശ്ശൂര്‍ ഭവന്‍സ് സ്‌ക്കൂളിലായിരുന്നു പ്ലസ് വണ്‍ പഠനം. തുടര്‍ന്ന് ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മാത്തമാറ്റിക്ക്‌സില്‍ ഡിഗ്രി ചെയ്തു.
ലണ്ടനിലെ പഠിക്കാന്‍ അവസരം കിട്ടിയ കാര്യം ഹര്‍ഷ കോളേജില്‍ മാത്രമാണ് ഇതുവരെയായി അറിയിച്ചിട്ടുള്ളത്. സുഹൃത്തുക്കളും ബന്ധുക്കളും ഇക്കാര്യം അറിഞ്ഞു വരുന്നേതേയുള്ളൂ. സെപ്തംബര്‍ 18നാണ് ക്ലാസ് തുടങ്ങുന്നത്. ”പിജി കഴിഞ്ഞ് മാത്തമാറ്റിക്ക്‌സില്‍ പിഎച്ച്ഡി എടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, പറ്റാവുന്നിടത്തോളം പഠിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഹര്‍ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മകളുടെ ആഗ്രഹത്തിനൊപ്പം എല്ലാവിധ സപ്പോര്‍ട്ടുമായി ഹരിദാസനും ഭാര്യ റീത്തയും കൂടെയുണ്ട്.