മഴക്കെടുതി: കൊയിലാണ്ടിയില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം; 48 മണിക്കൂറിൽ പ്രശ്നങ്ങൾ പരിഹരിക്കണം


കൊയിലാണ്ടി: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍
മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും മറ്റുമായി വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട്‌ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവർക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, നഗരസഭാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്ത്, കെ.ഷിജു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാരായ രാമചന്ദ്രന്‍ കുയ്യണ്ടി, പി വേണു, സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഭാസ്കരന്‍.ടി.കെ , ആര്‍ വിശ്വന്‍, പ്രനില സത്യന്‍, ബേബി സുന്ദര്‍രാജ്, മറ്റ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കൊയിലാണ്ടി തഹസില്‍ദാര്‍, ദേശീയപാതയുടെ പ്രവര്‍ത്തി നടത്തുന്ന അദാനി ഗ്രൂപ്പ് പ്രതിനിധികള്‍, വാഗാഡ് ഗ്രൂപ്പ് പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.