ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് വായനാപ്രേമികള്‍; കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിന്റെ വായനാപക്ഷാചരണ പരിപാടികള്‍ക്ക് സമാപനം
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ ജൂണ്‍ 19 ന് വായനാദിനത്തില്‍ ആരംഭിച്ച വായനാ പക്ഷാചരണ പരിപാടികള്‍ സമാപിച്ചു. ജൂലായ് അഞ്ചിന് ബഷീര്‍ അനുസ്മരണത്തോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്.
ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തില്‍ ഡോ. അബൂബക്കര്‍ കാപ്പാട് പ്രഭാഷണം നടത്തി. ഭാഷയിലും സാഹിത്യത്തിലും പുതിയ ലാവണ്യത്തിന്റെ ശോഭ പകര്‍ന്ന കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമജീവിത സാഹചര്യങ്ങളില്‍ നിന്നും കോറിയെടുത്ത കഥാപാത്രങ്ങളായിരുന്നു ബഷീര്‍ കഥകളില്‍ നിറഞ്ഞു നിന്നത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബോധി വനിതാ വേദി കണ്‍വീനര്‍ വി.എം.ലീല, ചെയര്‍പേഴ്സണ്‍ സൗദാമിനി ടീച്ചര്‍, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ.എന്‍.വി.സദാനന്ദന്, സൈമ.പി.കെ, പി.കെ.അംബിക, കെ.കെ.ഗീത തുടങ്ങിയവര്‍ സംസാരിച്ചു.