കൊല്ലം പെട്രോൾ പമ്പിന് സമീപം നാഷണൽ പെർമ്മിറ്റ് ലോറിയിൽ നിന്ന് പുക; യുവാവിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം
കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം പെട്രോൾ പമ്പിന് സമീപം ലോഡുമായിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ നിന്ന് ശക്തമായ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. പുക ശ്രദ്ധയിൽ പെട്ട യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. കൊയിലാണ്ടി മൂഴിക്ക്മീത്തൽ സ്വദേശിയായ സിറാജ് വി.കെ ആണ് തക്ക സമയത്ത് ഇടപെട്ട് അപകടമൊഴിവാക്കിയത്.
ലോറിയിൽ നിന്ന് പുക ഉയരുന്നുവെന്ന വിവരം സിറാജ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തുകയും ലോറി നിർത്തിക്കുകയുമായിരുന്നു. വണ്ടി നിർത്തിയെങ്കിലും ലോറിയിൽ നിന്നുള്ള പുക ശക്തമായി പുറത്ത് വരുന്നത് തുടർന്നു. സമീപത്ത് തന്നെ പെട്രോൾ പമ്പുള്ളതിനാൽ ഇത് വലിയ ആശങ്കയ്ക്കിടയാക്കി.
സാഹചര്യം നേരിടാനായി സിറാജ് ഉടൻ തന്നെ കൊയിലാണ്ടി ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വളരെ വേഗം ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് ആശങ്കയകറ്റി. ലോറിയുടെ ബാറ്ററിയുമായി ബന്ധപ്പെട്ട എന്തോ തകരാറാണ് പുക ഉയരാൻ കാരണമെന്നും തക്ക സമയത്ത് വാഹനം നിർത്താൻ കഴിഞ്ഞതിനാൽ വലിയ അപകടമൊഴിവായെന്നും ഫയർ ഫോഴ്സ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടിയിൽ നിന്ന് സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി.കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് യൂണിറ്റാണ് സ്ഥലത്തെത്തിയത്. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ കെ.ബിനീഷ്, വി.കെ.ബിനീഷ്, സനൽരാജ്, ഹോംഗാർഡ് ബാലൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) റിനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.