ത്യാഗസ്മരണയിൽ ബലിപെരുന്നാൾ ആഘോഷം; കൊയിലാണ്ടിയിലെ വിവിധ പള്ളികളിൽ ഈദ് ഗാഹ്
കൊയിലാണ്ടി: ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. രാവിലെ പെയ്ത കനത്ത മഴയിലും ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറഞ്ഞില്ല. കൊയിലാണ്ടിയിലെ വിവിധ പള്ളികളിൽ നടന്ന ഈദ് ഗാഹിന് മതമേധാവികൾ നേതൃത്വം നൽകി.
ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശവുമായി എത്തിയ ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളി അങ്കണങ്ങള്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍.
കൊയിലാണ്ടി ടൗണ്‍ സലഫി മസ്ജിദില്‍ നടന്ന ഈദ് ഗാഹിന് നൂറുദ്ദീന്‍ ഫാറൂഖി നേതൃത്വം നല്കി. കോഴിക്കോട് പാളയം ജുമാ മസ്ജിദിലും മിഷ്ക്കാല്‍, മര്‍ക്കസ് പള്ളികളിലും നമസ്കാരത്തിനായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്.
തിരുവനന്തപുരം പാളയം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് ഇമാം ഡോ. വി.പി.സുഹൈബ് മൗലവി നേതൃത്വം നല്കി. ബീമാപള്ളിയിലെ പെരുന്നാള്‍ നമസ്ക്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുത്തു. കൊച്ചി കലൂര്‍ കറുകപള്ളി ജുമാമ്സ്ജിദില് നടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് ഇമാം സലാഹുദീന്‍ ബുഖാരിയാണ് നേതൃത്വം നല്‍കിയത്.