‘ജലപരിശോധന നടത്തണം, ഹെൽത്ത്കാർഡും വേണം’; മുത്താമ്പിയിലെ കടകളിലും പരിസരത്തും ആരോഗ്യ പ്രവർത്തകരുടെ പരിശോധന
കൊയിലാണ്ടി: നഗരസഭയിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടേരി സെക്ഷനിലെ മുത്താമ്പി ടൗൺ കേന്ദ്രീകരിച്ച് പരിശോധന നടത്തി. വലിച്ചെറിയൽ മുക്ത പരിസരം എന്ന അജണ്ടയെ മുൻനിർത്തിയാണ് കടകളും പരിസരവും പരിശോധിച്ചത്. പരിസരം ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന് ആവശ്യമായ നിർദ്ദേശങ്ങളും ആരോഗ്യ പ്രവർത്തകർ നൽകി.
വാർഡ് കൗൺസിലർമാരായ കെ എ ഇന്ദിര, എൻ.എസ് വിഷ്ണു, ആർ.കെ കുമാരൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി. അരിക്കുളം എഫ്എച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് റഹ്മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രീത എന്നിവർ ജലപരിശോധന, പാചക തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, ഭക്ഷണ ശുചിത്വം എന്നിവയെപ്പറ്റി ബോധവത്കരണം നൽകി. തുടർ നടപടികൾ ചെയ്യുന്നതിനു വേണ്ടി മുൻസിപ്പൽ ആരോഗ്യ വിഭാഗത്തെ അറിയിച്ചു.
പരിശോധനയുടെ ഭാഗമായി മാസ്സ്ക്ലീനിങ്ങും നടത്തി. പ്രവർത്തനത്തിൽ നടേരി ആശാവർക്കർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. [mi4]