കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് വെള്ളയില്‍ ഹാര്‍ബര്‍ പുലിമുട്ടിന്റെ അറ്റത്തുനിന്ന്; കുട്ടിയെ കണ്ടെത്തിയത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍- വീഡിയോ കാണാം
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയത് വെള്ളയില്‍ പുലിമുട്ട് ഹാര്‍ബറിന് സമീപത്തുനിന്നും. ആദില്‍ ഹസന്റെ മൃതദേഹം പുലര്‍ച്ചെ 4.45 ഓടെയും മുഹമ്മദ് ആദിലിന്റെ മൃതദേഹം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയുമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ലയന്‍സ് പാര്‍ക്കിന് പടിഞ്ഞാറുവശം കടല്‍ അരിച്ചുപെറുക്കിയെങ്കിലും ശക്തമായ തിര രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി. പിന്നീട് മത്സ്യത്തൊഴിലാളികളെത്തി കടല്‍തീരത്തായി വലവിരിച്ചു. ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തി. തുടര്‍ന്ന് കലക്ടര്‍, ഡപ്യൂട്ടി കലക്ടര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാദൗത്യം ഊര്‍ജിതമാക്കി.
ഇരുട്ടുവീണതോടെ അഗ്നിരക്ഷാസേന ജനറേറ്റര്‍ ടവര്‍ ലൈറ്റ് സ്ഥാപിച്ചു. കടലാക്രമണം രൂക്ഷമായതോടെ കലക്ടര്‍ എ.ഗീതയും ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ ഇ.അനിതകുമാരിയും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെയാണ് രാത്രി 11 മണിയോടെയാണ് മുഹമ്മദ് ആദിലിന്റെ മൃതദേഹം ലഭിച്ചത്. പുലര്‍ച്ചെ ആദില്‍ ഹസന്റെ മൃതദേഹവും കണ്ടെത്തി.
ഞായറാഴ്ച രാവിലെ എഴരയോടെ ലയണ്‍സ് പാര്‍ക്കിന് പിറകിലെ ബീച്ചിലാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ ഫുട്ബാള്‍ കളി കഴിഞ്ഞ് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ആദില്‍ ഹസന്‍ പെട്ടെന്ന് ഒഴുക്കില്‍പെട്ട് വീണപ്പോള്‍ ആദിലും മുബാറക്കും ഓടിയെത്തി പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് വന്ന വന്‍ തിരയില്‍ രണ്ട് പേര്‍ കടലിലേക്കും മുബാറക്ക് കരയിലേക്കും തെറിച്ചുവീണു.
മത്സ്യത്തൊഴിലാളികളടക്കമുള്ളവരും എലത്തൂര്‍, ബേപ്പൂര്‍ സ്റ്റേഷനുകളില്‍ നിന്ന് കോസ്റ്റല്‍ പൊലീസും ബീച്ച് ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തി. ഫിഷറീസ് മറൈന്‍ ആംബുലന്‍സ്, കോസ്റ്റ്ഗാര്‍ഡ് ഷിപ്, കോസ്റ്റല്‍ പൊലീസിന്റെ രണ്ട് വഞ്ചികള്‍ എന്നിവയാണ് തിരച്ചില്‍ പങ്കെടുത്തത്. ഉള്‍ക്കടലില്‍ ശക്തമായ മഴയുള്ളതിനാല്‍ രാവിലെ നല്ല അടിവലിവുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മീഞ്ചന്ത സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതാണ് ആദില്‍ ഹസന്‍. ഉമ്മ റഹ്‌മത്ത്. സഹോദരങ്ങള്‍: ഫാരിസ, അജ്മല്‍. തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞതാണ് ആദില്‍. ഉമ്മ: റൈനാസ്, സഹോദരി: നഹ്റിന്‍ നഫീസ.
വീഡിയോ: