പല്ല് വേദനയായിട്ടും പരിപാടി മുടക്കിയില്ല, ഇരിങ്ങലില്‍ നടന്ന അവസാന സ്റ്റേജ് ഷോയിലും ആരാധകര്‍ക്ക് ആവേശ ചിരി പകര്‍ന്നു; കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ കലാലോകം


ഇരിങ്ങല്‍: ഇന്നലെ ഇരിങ്ങല്‍ സര്‍ഗാലയയില്‍ വാര്‍ത്താചാനലായ 24 കണക്ടിന്റെ പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഏറെ സങ്കടത്തോടെയാണ് കൊല്ലം സുധിയുടെ മരണ വാര്‍ത്ത കേട്ടത്. നിമിഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മുന്നില്‍ ജഗതീഷിനെന്റെയും സുരേഷ് ഗോപിയേയും അനുകരിച്ചെത്തിയ കൊല്ലം സുധിയെ അവര്‍ ഏറെ ആവേശത്തെടെയായിരുന്നു കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നത്.

പല്ല് വേദനയെത്തുടര്‍ന്ന് മുഖം തടിച്ച് വീങ്ങിയ നിലയിലായിരുന്നു താരം എത്തിയത്. എന്നിരുന്നാലും തന്റെ ആരാധകരെ വിഷമിക്കാതെ മെഗാ സ്റ്റേജ് ഷോയില്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ചു. സുധിയും ബിനു അടിമാലിയും ചേർന്നായിരുന്നു പരിപാടി അവതരിപ്പിച്ചത്.

വാര്‍ത്താചാനലായ 24 ചാനലും ഫ്‌ളവേഴ്‌സ് ടെലിവിഷനും ചേര്‍ന്ന് ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഒരുക്കിയ ട്വന്റിഫോര്‍ കണക്ട് എന്ന പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ഫ്‌ളവേഴ്‌സിലെ കോമഡി താരങ്ങളുടെ മെഗാഷോ അരങ്ങേറിയത്. പരിപാടി കഴിഞ്ഞ് മടങ്ങവെ താരങ്ങള്‍ സഞ്ചരിച്ച വാഹനം തൃശ്ശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.

താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്‌ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.