മുചുകുന്നിലേക്ക് ‘ഗ്രാമ വണ്ടി’ വേണം; യാത്രാപ്രശ്ന പരിഹാരത്തിനായി ജനകീയ ഒപ്പുശേഖരണം


മുചുകുന്ന്: യാത്രാപ്രശ്നം രൂക്ഷമായ മുചുകുന്നിൽ കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമ വണ്ടിക്കായ് ജനകീയ ഒപ്പുശേഖരണവുമായി സി.പി.ഐ. മുചുകുന്ന് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടറി അഡ്വ. എസ്.സുനിൽ മോഹൻ നിർവഹിച്ചു. സന്തോഷ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

ഗവൺമെൻ്റ് കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മുചുകുന്നു. നിരവധി ബസുകളും ഇവിടെ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പലതും ട്രിപ്പുമുടക്കുകയാണ്. സ്കൂളിലും ജോലിക്കും പോകുന്നതിനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്ത്രീകളും വിദ്യാർത്ഥികളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

ഇത് സംബന്ധിച്ച് സിപിഐ ബ്രാഞ്ച് ആർ.ടി.ഒ.യ്ക്ക് പരാതിയും സമർപ്പിച്ചിരുന്നു. പരാതി സമർപ്പിച്ച ഘട്ടത്തിൽ ചില നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് എല്ലാം പഴയതുപോലെ ആവുകകയായിരുന്നുവെന്ന് പ്രവർത്തകർ ആരോപിക്കുന്നു. മുചുകുന്നിലേക്ക് ‘ഗ്രാമവണ്ടി’ സർവീസ് ആരംഭിക്കുന്നതിന് പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് സിപിഐ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു ഗതാഗതസൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് ​ഗ്രാമവണ്ടി. ബ്രാഞ്ച് സെക്രട്ടറി എ ടി.വിനീഷ്, പി.ഉണ്ണികൃഷ്ണൻ, പി.കെ. മനോജ് എന്നിവർ സംസാരിച്ചു