സില്‍വര്‍ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ല; കേരളത്തിലെ 95% ആളുകളും കഴിക്കുന്നത് മോശം ഭക്ഷണം, ഇതെല്ലാം പരിഹരിച്ചിട്ടുമതി അതിവേഗ ട്രെയിനെന്ന് ശ്രീനിവാസന്‍


കോഴിക്കോട്: സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ഭക്ഷണം, പാര്‍പ്പിടം പോലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കഴിഞ്ഞിട്ടുമതി ഇത്തരം പദ്ധതികളെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

പ്രാഥമികമായ ഒരുപാട് കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യാനുണ്ട്. അതൊക്കെ ചെയ്തുകഴിഞ്ഞിട്ടേ ഇത്രയും ബഡ്ജറ്റില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാവൂ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണശീലമാണ്. മൂന്നുനേരം ഭക്ഷണം കഴിക്കുക, അടച്ചുറപ്പുള്ള വീട്ടില്‍ കഴിയുക ഇത് എല്ലാവര്‍ക്കും സാധിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

‘അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികള്‍ക്കുവേണ്ടി കോടികള്‍ ചെലവാക്കി അവരുടെ മുഖം കോടിപ്പോയി എന്നല്ലാതെ മാറ്റമൊന്നുമുണ്ടായിട്ടില്ല. നല്ല ഭക്ഷണം എന്നത് ഏതൊരാളുടെയും പ്രധാന ആവശ്യമാണ്. രോഗം വരാതിരിക്കാന്‍ നല്ല ഭക്ഷണം കഴിച്ചേപറ്റൂ. കേരളത്തിലെ 95% ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. അത് പരിഹരിച്ചോ? ശരിക്ക് കിടന്നുറങ്ങാന്‍ പാര്‍പ്പിടം ഇല്ലാത്തവര്‍ എത്രയോ ഇന്നുമുണ്ട്. അത് ശരിയാക്കിയോ? ഇതൊക്കെ ശരിയായി കഴിഞ്ഞിട്ട് പോരേ അതിവേഗത്തിലോടുന്ന ട്രെയിന്‍.’ എന്നും ശ്രീനിവാസന്‍ ചോദിച്ചു.

സില്‍വര്‍ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കടംകിട്ടാത്ത സ്ഥിതിയുണ്ടാക്കും. ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പദ്ധതിയില്‍ നേട്ടം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.