അവധിദിനത്തില്‍ അനുമതിയില്ലാതെ മണ്ണെടുത്തു; തുവ്വക്കോട് നിന്നും ജെ.സി.ബിയും ടിപ്പര്‍ ലോറിയും പിടിച്ചെടുത്ത് അധികൃതര്‍


ചേമഞ്ചേരി: അനുമതിയില്ലാതെ മണ്ണെടുത്തതിന്റെ പേരില്‍ തുവ്വക്കോട് നിന്നും ജെ.സി.ബിയും ടിപ്പര്‍ലോറിയും പിടിച്ചെടുത്ത് താലൂക്ക് അധികൃതര്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും മണ്ണെടുക്കാനുപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

വളപ്പില്‍ മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മണ്ണെടുത്തത്. ജെ.സി.ബി ഉപയോഗിച്ച് സ്ഥലമിടിച്ച് മണ്ണ് ലോറികളില്‍ നീക്കി മേപ്പായി കുളത്തിന് സമീപത്തുളള പ്രദേശം നികത്തുകയായിരുന്നു.

രണ്ടാംശനി, ഞായര്‍ അവധി ദിനങ്ങള്‍ കണക്കിലെടുത്ത് മണ്ണ് എടുത്തുമാറ്റുകയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അനുമതിയില്ലാതെ മണ്ണെടുത്തതിന് പിഴയീടാക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.