ആടിയും പാടിയും ആശയങ്ങളും പങ്കുവെച്ച് കുട്ടികൾ; വേനൽതുമ്പി കലാജാഥയ്ക്ക് കൊയിലാണ്ടിയൽ സമാപനം
കൊയിലാണ്ടി: ബാലസംഘം കൂട്ടുകാർ വേനലവധിക്കാലത്ത് ആടിയും പാടിയും ആശയങ്ങളുടെ കുളിർ കാറ്റ് പരത്തി വേനൽതുമ്പി കലാജാഥ പര്യടനം സമാപിച്ചു. ചേമഞ്ചേരി കൊളക്കാട് യുപി സ്കൂളിലെ ഒരാഴ്ചക്കാലത്തെ പരിശീലന ക്യാമ്പിന് ശേഷം വേനൽതുമ്പികൾ പറന്നുയർന്നു. മുൻ എംഎൽഎ കെ ദാസൻ സമാപന കേന്ദ്രത്തിലെ അവതരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മെയ് രണ്ടാം തീയതി കൊളക്കാട് വെച്ച് കാനത്തിൽ ജമീല എംഎൽഎയാണ് കലാജാഥ പര്യടനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് കാപ്പാട്, ചേമഞ്ചേരി,വെങ്ങളം, പൊയിൽകാവ്, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി സൗത്ത്, കൊയിലാണ്ടി സെൻട്രൽ, കൊയിലാണ്ടി ഈസ്റ്റ്, നടേരി, നമ്പ്രത്ത്കര, അരിക്കുളം, കാരയാട്, കീഴരിയൂർ,കൊല്ലം എന്നീ കേന്ദ്രങ്ങളിലെ ഉജ്ജ്വല സ്വീകരണത്തിനു ശേഷം ആനക്കുളത്ത് സമാപിച്ചു.
അഞ്ചുദിവസത്തെ കലാജാഥയുടെ ക്യാപ്റ്റനായി വി നന്ദനയും,വൈസ് ക്യാപ്റ്റനായി നിമിഷയും,ജാഥ മാനേജറായി പി സത്യനും, കോഡിനേറ്ററായി നിതിൻ ലാലും പ്രവർത്തിച്ചു. എംകെ ദിലീപൻ, ഉണ്ണി കുന്നോൽ, കെ നന്ദിത, ചന്ദന രജി എന്നിവരുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ നാടകങ്ങളും, സംഗീത ശില്പങ്ങളുമാണ് കലാജാഥയിൽ അവതരിപ്പിച്ചത്.