തുടര്‍ച്ചയായ കരച്ചില്‍, തളര്‍ന്നുവീഴല്‍, വായിലൂടെ നുരയും പതയും; കുറ്റ്യാടിയില്‍ പശുക്കളില്‍ അജ്ഞാത രോഗം, ക്ഷീരകര്‍ഷകര്‍ ഭീതിയില്‍


കുറ്റ്യാടി: മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കള്‍ക്ക് അജ്ഞാതരോഗം. മരുതോങ്കര പഞ്ചായത്തിലെ കച്ചേരിത്താഴെ, കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ എന്നിവിടങ്ങളിലാണ് മൂന്ന് പശുക്കള്‍ ചത്തത്. വണ്ണത്താന്‍കണ്ടി വിനോദന്‍, മരുതേരി സുരേഷ്, കെ.സി കൃഷ്ണന്‍ എന്നിവരുടെ പശുക്കളാണ് അടുത്തദിവസങ്ങളില്‍ ചത്തത്.

തുടര്‍ച്ചയായ കരച്ചില്‍, തീറ്റയും വെള്ളവും എടുക്കാതിരിക്കുക, തളര്‍ന്നുവീഴുക, വായിലൂടെ നുരയും പതയും വരുക എന്നീ രോഗലക്ഷണങ്ങള്‍ അഞ്ചുദിവസത്തോളം പശുക്കള്‍ കാണിച്ചിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്നും കീരി, വവ്വാല്‍, കുറുക്കന്‍, നായ, പൂച്ച തുടങ്ങിയ ജീവികളില്‍നിന്ന് പകര്‍ന്നതാവാമെന്നുമാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്.

രോഗനിവാരണം നടത്തി ആശങ്കപരിഹരിക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.