മണിപ്പൂരില്‍ കലാപബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഒമ്പത് മലയാളി വിദ്യാര്‍ഥികളില്‍ ചേമഞ്ചേരി സ്വദേശിയും; തിങ്കളാഴ്ച നാട്ടിലെത്തിക്കാനാകുമെന്ന് പ്രതീക്ഷ
ചേമഞ്ചേരി: മണിപ്പൂരില്‍ കലാപബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളില്‍ ചേമഞ്ചേരി സ്വദേശിയും. ചേമഞ്ചേരി സ്വദേശിയായ എസ്.ബി റിതിനാണ് കലാപ ബാധിത പ്രദേശത്ത് അപകടപ്പെട്ടുപോയത്. മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് റിതിന്‍ അടക്കമുള്ളവര്‍.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളായ ഒമ്പത് മലയാളി വിദ്യാര്‍ഥികളാണ് ഇവിടെ കുടുങ്ങിയത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അബ്ദുള്‍ ബാസിത്, കൊട്ടിയൂര്‍ സ്വദേശി ശ്യാംകുമാര്‍, മലപ്പുറം വട്ടംകുളം സ്വദേശി ആര്‍.നവനീത്, പുള്ളിപറമ്പ് സ്വദേശി ഫാത്തിമ ദില്‍ന, കൊണ്ടോട്ടി സ്വദേശി എം.സി.റെനിയ, വയനാട് പുല്‍പ്പള്ളി സ്വദേശി ആദിത്യ രവി, പാലക്കാട് പഴയലക്കിടി സ്വദേശി സി.എസ്.ഷഹ്ല, കോഴിക്കോട് കക്കോടി സ്വദേശി ആര്‍.എസ്.അനൂപ് എന്നിവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നോര്‍ക്ക ശക്തമാക്കിയിട്ടുണ്ട്.
ഇവരെ തിങ്കളാഴ്ച ബാംഗ്ലൂര്‍ വഴി നാട്ടിലെത്തിക്കും. ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് വിമാനം.
സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ഥികളുടെ താമസം. സര്‍വ്വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാനോ നാട്ടിലേക്കുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വ്വകലാശാലയ്ക്കുള്ളിലും ചെറിയ തോതിലുള്ള ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സര്‍വ്വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാത്ത വിദ്യാര്‍ഥികള്‍ക്കായി അധികൃതര്‍ ഗസ്റ്റ് ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. നിലവില്‍ ഇവിടെയാണ് വിദ്യാര്‍ഥികളുള്ളത്.