‘നഗ്നമായ പരിസ്ഥിതി ചൂഷണത്തിനെതിരെ നാടിന്റെ യോജിച്ച ശബ്ദം’; പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ തിരുവോത്ത്താഴ നെല്‍വയല്‍ നികത്തിയതിനെതിരെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണസമിതിയുടെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ തിരുവോത്ത്താഴ നെല്‍വയല്‍ മണ്ണിട്ട് നികത്തിയതിനെതിരെ സമരം പ്രഖ്യാപിച്ച് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമിതി. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തിരുവോത്ത്താഴ വയലില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

നൊച്ചാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ.കെ.രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി.വി.ദിനേശന്‍, വി.പി.അബ്ദുള്‍ സലാം മാസ്റ്റര്‍, നിഖില്‍ മാസ്റ്റര്‍, വത്സന്‍ എടക്കോടന്‍, ഇ.ടി.സോമന്‍, പി.കെ.അജീഷ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് നെല്‍വയല്‍ മണ്ണിട്ട് നികത്തിയതെന്നും ഇതിന് ചില ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുവെന്നുമാണ് ഉയര്‍ന്ന ആരോപണം. അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങള്‍ അട്ടിമറിച്ച് സംരംഭകനെന്ന പേരില്‍ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചുമാണ് കച്ചവട ലക്ഷ്യത്തോടെയാണ് കല്ലുംപുറത്ത് സ്വകാര്യ വ്യക്തി വയല്‍ നികത്തിയതെന്നും ആരോപണമുണ്ട്.

പരിസ്ഥിതിക്ക് ദോഷകരമാകുന്നതും കുടിവെള്ളം മുട്ടിക്കുകയും തൊട്ടടുത്തുള്ള വീടുകള്‍ വെള്ളത്തില്‍ മുങ്ങാന്‍ ഇടയാക്കുന്നതുമായ നടപടിയാണ് ഇതെന്നാണ് സമരസമിതി പറയുന്നത്. ഈ നഗ്നമായ പരിസ്ഥിതി ചൂഷണത്തിനെതിരെയാണ് തങ്ങളുടെ സമരമെന്നും സമിതി പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി നിരവധി പേരാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന് എത്തിയത്. രജിത്ത് തുമ്പക്കണ്ടി (ചെയര്‍മാന്‍), എന്‍.കെ.അഷറഫ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ടി.സുധീഷ് (കണ്‍വീനര്‍), ബാബു പിലാവുള്ളതില്‍ (ട്രഷറര്‍), രക്ഷാധികാരികള്‍ വത്സന്‍ എടക്കോടന്‍, ഇ.ടി.സോമന്‍, അഡ്വ.കെ.കെ.രാജന്‍, വി.പി.ഇബ്രാഹിം മാസ്റ്റര്‍, കുളങ്ങര ബാലന്‍, വി.കെ.ബാലന്‍ നായര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.