പള്ളിക്കമ്മറ്റി ക്ഷണിച്ചു, ക്ഷേത്ര ഭാരവാഹികള്‍ പഴങ്ങളുമായെത്തി; ഇത് ഒരുമയുടെ കൊയിലാണ്ടി മാതൃക, പാറപ്പള്ളിയിലെ നോമ്പ്തുറ നാടിനുത്സവം
കൊല്ലം: റമദാന്‍ മാസം ഇരുപത്തിയേഴാം രാവില്‍ കൊല്ലം പാറപ്പള്ളിയിലൊരുക്കിയ സമൂഹ നോമ്പുതുറ ജാതിമതഭേദമന്യേ പ്രദേശവാസികളുടെ ഒത്തൊരുമയുടെ പ്രതീകമായി മാറി. പരസ്പര സ്‌നേഹമാണ് ഈ നോമ്പുതുറയില്‍ പങ്കെടുത്തവരെ ഒരുമിപ്പിച്ചത്. മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമുണ്ടായിരുന്നു നോമ്പുതുറയില്‍ പങ്കാളികളായി. നോമ്പുതുറയുടെ സംഘാടകര്‍ നേരിട്ടെത്തി ഇഫ്താര്‍ വിരുന്നിന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ ക്ഷണിക്കുകയായിരുന്നു. ഇഫ്താറിന് വിളമ്പാന്‍ പഴങ്ങളുമായാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെത്തിയത്.
പാറപ്പള്ളിയിലെ സംഘാടകര്‍ നേരിട്ട് വന്ന് തങ്ങളെ ഇഫ്താര്‍ വിരുന്നിന് ക്ഷണിക്കുകയായിരുന്നെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹിയായ ശിവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇഫ്താര്‍വിരുന്നില്‍ സജീവമായി പങ്കുചേരണമെന്ന് തന്നെയായിരുന്നു കമ്മിറ്റിയുടെ തീരുമാനം. അതനുസരിച്ച് അന്‍പതോളം പേര്‍ അവിടെയെത്തിയെന്നും വളരെയേറെ സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ് അവര്‍ തങ്ങളെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുവ പാറപ്പള്ളിയാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ സ്വാമിയാര്‍കാവ് ക്ഷേത്രത്തിലെ അന്നദാനത്തിനും മറ്റും ഞങ്ങളെയും ക്ഷണിക്കുകയും അതില്‍ പങ്കാളികള്‍ ആവുകയും ചെയ്യാറുണ്ടെന്ന് ഇഫ്താര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ പാറപ്പള്ളിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുവ പാറപ്പള്ളി ഭാരവാഹിയായ ഷരീഫ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അതുപോലെ തന്നെ പാറപ്പള്ളിയില്‍ നടക്കുന്ന പരിപാടികളിലേക്ക് അവരും ഞങ്ങള്‍ക്കൊപ്പമെത്തും. ഇതുവരെയുള്ള ഞങ്ങളുടെ ശീലമാണത്. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഷരീഫ് പറഞ്ഞു.
ഇഫ്താര്‍ വിരുന്നിന് വിളമ്പാന്‍ പഴങ്ങളുമായാണ് സ്വാമിയാര്‍ കാവില്‍ നിന്നുള്ള സംഘമെത്തിയത്. ഏത് മതവിഭാഗത്തിന്റെ ആഘോഷമായാലും പരസ്പരം സഹായിച്ചും ഒരുമിച്ചുനിന്നും അത് ഭംഗിയായി കൊണ്ടാടാന്‍ ശ്രമിക്കുന്നവരാണ് ഇവിടുത്തുകാരെന്നും ശിവന്‍ പറയുന്നു.
കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവ വേളയില്‍ സ്വാമിയാര്‍ കാവില്‍ നിന്നും ആരംഭിച്ച് പിഷാരികാവിലെത്തുന്ന വസൂരിമാല വരവ് ഏറെ പ്രസിദ്ധമാണ്. ഒമ്പത് ആനകളും ചെണ്ടവാദ്യങ്ങളുമൊക്കെയായി ആഘോഷപൂര്‍വ്വം പിഷാരികാവിലേക്ക് പോകുന്ന വരവ് ഭംഗിയാക്കാനായി സാമ്പത്തിക സഹായവുമായി പ്രദേശത്തെ മുസ്‌ലിം യുവാക്കളും മുന്നിലുണ്ടാവാറുണ്ട്. പ്രദേശവാസികളില്‍ നിന്നും പിരിവെടുത്താണ് വസൂരിമാല വരവിനുള്ള പണം കണ്ടെത്തുന്നത്. ഈ സമയത്ത് ഇവിടുത്തെ മുസ്‌ലിം സഹോദരങ്ങള്‍ മാറി നില്‍ക്കാറില്ലെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. ഇത്തവണ കാളിയാട്ട മഹോത്സവ സമയത്ത് സ്വാമിയാര്‍ കാവ് ക്ഷേത്രം നടത്തിയ സമൂഹ സദ്യയിലേക്ക് യുവ പാറപ്പള്ളി അരി എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.
ഇതിനു പുറമേ കഴിഞ്ഞ നബിദിന ആഘോഷ സമയത്ത് നബിദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് സ്വാമിയാര്‍ കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഐസ്‌ക്രീമും ശീതളപാനീയങ്ങളും വിതരണം ചെയ്തിരുന്നു.
വീഡിയോ: