ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ലഹരി ഉപയോഗവും വില്‍പ്പനയും; മാരകമയക്കുമരുന്നായ എംഡിഎംഎയുമായി വടകര സ്വദേശി പിടിയില്‍
വടകര: രാസലഹരിയായ എം.ഡി.എം.എയുമായി വടകര സ്വദേശി പിടിയില്‍. മണിയൂർ ചെരണ്ടത്തൂർ എടക്കുടി വീട്ടിൽ അസീസിന്റെ മകൻ ഇരുപത്തിയാറുകാരനായ അജാസിനെയാണ് വടകര റെയ്ഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം 0.890 ഗ്രാം എം.ഡി.എം.എ പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
മണിയൂർ ചെരണ്ടത്തൂർ കണാരൻകണ്ടി താഴെ റോഡരികിൽ വെച്ച് ഇന്നലെ രാത്രിയാണ് എം.ഡി.എം.എയുമായി പ്രതി പിടിയിലാകുന്നത്. നേരത്തേ ഗള്‍ഫിലാരുന്ന അജാസ് അവിടെ നിന്ന് ചില പ്രശിനങ്ങളിലകപ്പെട്ട് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ശേഷമാണ് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയുമാരംഭിക്കുന്നതെന്നും മണിയൂരില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമാണ് ഇത്തരം ലഹരിവസ്തുക്കള്‍ പ്രതിക്ക് കിട്ടുന്നതെന്നും പരിശോധനാ സംഘത്തിലുള്‍പ്പെട്ട പി.ഒ സോമസുന്ദരൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അജാസ് വില്‍പ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതി ഇതുവരെ അത് സമ്മതിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് അനുസരിച്ച് വടകര റെയിഞ്ച് ഓഫീസിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യും. പി.ഒമാരായ സോമസുന്ദരൻ.കെ.എം, ശൈലേഷ് കുമാർ.എം.എം, രജ്ഞിത്ത് ടി.ജെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിജേഷ്.പി, വിനീത്.എം.പി, മുസ്ബിൻ.ഇ.എം, ശ്യാംരാജ്.എ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.