‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് സുരക്ഷയൊരുക്കി, എസ്.പി.ജിയിലെ ഏറ്റവും മിടുക്കനും വിശ്വസ്തനുമായ നായ’; പയ്യോളിയില്‍ മരിച്ച ഡോഗ് സ്ക്വാഡ് അംഗം ലക്കിയുടെ സംരക്ഷകന്‍ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറയുന്നു


പയ്യോളി:  ഡോഗ് സ്‌ക്വാഡിലെ തങ്ങളുടെ പ്രിയപ്പെട്ട ലക്കിയുടെ വേര്‍പാടില്‍ ഉലഞ്ഞ് പയ്യോളി പൊലീസ് സേന. ആറു വർഷം മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയ  ലക്കി വിടപറഞ്ഞത് ആറരവയസ്സില്‍ അസുഖബാധിതനായാണ്. മനുഷ്യമൃതദേഹത്തിന് നല്‍കുന്ന എല്ലാവിധ ആദരവുകളും ബഹുമതികളും കൊടുത്താണ് സഹപ്രവര്‍ത്തകര്‍ ലക്കിയെ യാത്രയാക്കിയത്.

തന്റെ ആറുവര്‍ഷത്തെ സര്‍വീസ് കാലയളവിനിടക്ക് ലക്കി നിര്‍വഹിച്ച ദൗത്യങ്ങള്‍ ചില്ലറയല്ല. പരിശീലനം പൂര്‍ത്തിയാക്കിയ കാലം മുതല്‍ മറ്റാരെക്കാളും വിദഗ്ദമായി സ്‌ഫോടക വസ്തുക്കള്‍ മണം പിടിച്ച് കണ്ടെത്തുന്നതില്‍ ലക്കി പ്രത്യേക മികവ് പുലര്‍ത്തി.

നാദാപുരം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നായി ഭീഷണിയുയര്‍ത്തിയ ബോംബ് ശേഖരവും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച ബോംബ് സ്ക്വാഡ് അംഗമായിരുന്നു. സ്ഫോടകവസ്തുക്കള്‍ തിരിച്ചറിയാനുള്ള കഴിവുകൊണ്ടുതന്നെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോടൊപ്പം പ്രവര്‍ത്തിക്കാനും ലക്കിക്ക് അവസരം ലഭിച്ചു. പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിയുമടക്കമുള്ള പ്രമുഖര്‍ കേരളത്തിലെത്തിയപ്പോള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോടൊപ്പം സുരക്ഷാപോരാളിയായി ലക്കിയുമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത പരിപാടികളിലും ലക്കി തന്റെ ഡ്യൂട്ടി കൃത്യമായി നിര്‍വഹിച്ചു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പി.സന്തോഷ് കുമാർ, എൻ.എം.പ്രതീഷ് എന്നിവരായിരുന്നു ലക്കിയുടെ സംരക്ഷകർ. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച ലക്കിയെപ്പോലെ വിശ്വാസ്യനായ ഒരു അംഗത്തിന്റെ മരണം എസ്.പി.ജിക്ക് തീരാനഷ്ടമാണെന്നും സ്വാഡില്‍ ആകെയുള്ള പതിനൊന്ന് പേരില്‍ ഏറ്റവും മിടുക്കനെയാണ് നഷ്ടപ്പെട്ടതെന്നും ലക്കിയുടെ സംരക്ഷകരിലൊരാളായ  പി.സന്തോഷ് കുമാർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പത്ത് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിരുന്ന ലക്കി ആറ് വര്‍ഷത്തെ സര്‍വീസ് ആയപ്പോഴേക്കും സ്വാഡിനെ വിട്ടുപിരിഞ്ഞതിലുള്ള ദുഃഖവും തന്റെ വാക്കുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6 മണിയോടെ കോഴിക്കോട് റൂറൽ ജില്ല പോലീസ് ഡോഗ് സ്ക്വാഡിൻ്റെ പയ്യോളിയിലെ ആസ്ഥാനത്ത് വെച്ച് അതീവദുഃഖകരമായ അന്തരീക്ഷത്തില്‍ ലക്കിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പയ്യോളിയിലെ ഡോഗ് സ്ക്വാഡ് ആസ്ഥാനത്തെത്തിച്ച്  ദർശനത്തിന് വെച്ച മൃതദേഹത്തിന് പയ്യോളി സക്വാഡിലെ റോണി, ടൈസൺ, സീത, ജിക്കി എന്നീ നായകള്‍ ആദരമര്‍പ്പിച്ചു.

ഡിജിപിക്ക് വേണ്ടി അഡിഷണൽ എസ്പി പി.എം.പ്രദീപും, എഡിജിപി ബറ്റാലിയന് വേണ്ടി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബാലചന്ദ്രനും, ഇൻ്റലിജൻസ് ഐജിക്ക് വേണ്ടി നാർക്കോട്ടിക് ഡിവൈഎസ്പി ഷാജിയും ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി പയ്യോളി സിഐ കെ.സി.സുഭാഷ് ബാബുവും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കെ 9 ഡോഗ് സ്ക്വാഡിന് വേണ്ടി എസ്ഐ കെ.കെ.സത്യനും റീത്തുകള്‍ സമർപ്പിച്ചു.

സഹപ്രവര്‍ത്തകരെ സാക്ഷിയാക്കി പുഷ്പാർച്ചന നടത്തിയ ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാര പരേഡ് കൂടി നൽകിയാണ് ലക്കിയെ സംസ്ക്കരിച്ചത്.  പയ്യോളി  ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് നടന്ന സംസ്കാര ചടങ്ങില്‍ പൊലീസ് സേനാംഗങ്ങളും ഡോഗ് സ്ക്വാഡ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍‌ പങ്കെടുത്തു.