ടെക്‌നിക്കല്‍ ഹൈസ്‌കൂളിലാണോ അഡ്മിഷന്‍ നോക്കുന്നത്? അപേക്ഷ സമര്‍പ്പിക്കാന്‍ ഇനിയും സമയമുണ്ട്, വടകരയിലും പയ്യോളിയിലും ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രില്‍ 10 വരെ നീട്ടി


വടകര : ടെക്നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ നീട്ടി ഉത്തരവിറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. പല സ്കൂളുകളിലും നിലവിൽ ഉള്ള സീറ്റിന്റെ പകുതിപോലും അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല.

സംസ്ഥാനത്താകെയുള്ള ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ വടകര, പയ്യോളി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലായി മൂന്നെണ്ണമാണ്  കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നത്. വെസ്റ്റിഹിലില്‍ അപേക്ഷകരുണ്ടെങ്കിലും മറ്റ് രണ്ട് ടെക്നിക്കല്‍ സ്‌കൂളുകളിലും വേണ്ടത്ര കുട്ടികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചിട്ടില്ല.

100 സീറ്റുകൾ ഉള്ള വെസ്റ്റ് ഹിൽ ടെക്നിക്കൽ ഹൈ സ്‌കൂളിൽ നിലവിൽ 312 ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കപ്പെട്ടപ്പോള്‍ 100 സീറ്റുകൾ ഉള്ള വടകരയിൽ 83 അപേക്ഷകളും 80 സീറ്റുള്ള പയ്യോളിയിൽ 55 അപേക്ഷകളും മാത്രമാണ് ഓൺലൈൻ ആയി ലഭിച്ചിട്ടുള്ളത്. വിവിധ ട്രേഡുകളിലായി നിലവിൽ ഉള്ള സീറ്റിൽ അധികമായി അപേക്ഷകൾ വരുമ്പോൾ മാത്രമേ എൻട്രൻസ് പരീക്ഷയ്ക്ക് പ്രാധാന്യമുള്ളൂ.

അപേക്ഷിക്കാനുള്ള സമയപരിധി നീട്ടിയതിനാല്‍ കൂടുതൽ അപേക്ഷകൾ ഉണ്ടായേക്കാം എന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ.