സന്തോഷത്തോടെ സഹോദരിക്കരികിലേക്ക്, മടക്ക യാത്രയിൽ കാത്തിരുന്നത് ദുരന്തം, എലത്തൂരിൽ യുവതിയും പിഞ്ചുപെെതലും മരിച്ചത് ട്രെയിനിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ


കൊയിലാണ്ടി: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ റെയില്‍വേ പാലത്തിനും ഇടയില്‍ കണ്ടെത്തിയ മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹ യാത്രികൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഭയന്ന് ചാടിയവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകള്‍ സഹാറ (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌രിയ മന്‍സിലില്‍ റഹ്മത്ത് (45), മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്.

മരിച്ച മൂന്ന് പേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല. ഇവരുടെ തലയ്ക്ക് പിന്നില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയ സമയത്ത് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് മട്ടന്നൂര്‍ സ്വദേശി റഹ്മത്തിന്റേയും സഹോദരിയുടെ മകള്‍ രണ്ട് വയസുകാരി സഹറയുടേയും മൃതദേഹങ്ങള്‍ കിട്ടിയത്.

കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടിൽ നോമ്പുതുറയ്‌ക്ക് പോയതായിരുന്നു റഹ്മത്ത്. സഹോദരിയുടെ മകളായ രണ്ടര വയസുകാരി സഹറയ്‌ക്കൊപ്പം മട്ടന്നൂരിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പെട്രോള്‍ ആക്രമണം ഭയന്ന് ട്രെയിനില്‍ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കിടക്കുന്ന മൂന്ന് മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം ഉടന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.