‘ഉത്സവം നേരിട്ട് കാണാൻ പറ്റാത്തവർക്കും ഫോട്ടോ കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് സമ്പത്ത്’; പിഷാരികാവ് കാളിയാട്ടം ക്യാമറയിൽ പകർത്തിയ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫർമാർ പറയുന്നു
കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ ഉത്സവക്കാഴ്ചകള്‍ പുറംലോകത്ത് എത്തിക്കുന്നതില്‍ കൊയിലാണ്ടി മേഖലയിലെ ഫോട്ടോഗ്രാഫര്‍മാരുടെ പങ്ക് ഒഴിച്ചുനിര്‍ത്താനാവാത്തതാണ്. ക്ഷേത്ര ചടങ്ങുകൾ മുതൽ ഉത്സവാന്തരീക്ഷത്തിലെ ഓരോന്നും അവർ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകരിലേക്ക് എത്തിച്ചു. പിഷാരികാവിലെ ജനത്തിരക്കിനിടയിൽ രാത്രി, പകൽ ഭേദമില്ലാതെയാണ് ഒരോ ചിത്രങ്ങളും അവർ പകർത്തിയത്. ഫോട്ടോഗ്രാഫര്‍മാരായ ജോണി എംപീസ്, രഞ്ജിത്ത് ഫോക്കസ്, റോബിന്‍ എസ്.കെ, അഭിറാം മനോജ്, കിഷോർ മാധവ് തുടങ്ങിയവര്‍ ഉത്സവക്കാഴ്ചകള്‍ പകര്‍ത്താന്‍ മുന്നിലുണ്ടായിരുന്നു.
1995 മുതലിങ്ങോട്ട് പിഷാരികാവിലെ ഉത്സവക്കാഴ്ചകള്‍ പകര്‍ത്തുന്നുണ്ട് ഫോട്ടോഗ്രാഫര്‍ ജോണി. വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന ഇടമായതിനാല്‍ ആള്‍ക്കൂട്ടവും ആചാരവുമൊക്കെ കാണാവുന്ന ചിത്രങ്ങളാണ് കൂടുതലായി എടുത്തിട്ടുള്ളതെന്നാണ് ജോണി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഉത്സവത്തിന് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഫോട്ടോസിലൂടെ ഉത്സവത്തിന്റെ പ്രതീതി സമ്മാനിക്കാൻ ചിത്രങ്ങളെടുക്കുമ്പോൾ ശ്രദ്ധിച്ചിരുന്നു. ഫോട്ടോ കാണുമ്പോൾ അവർക്ക് ലഭിക്കുന്ന സംതൃപ്തിയാണ് സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രങ്ങള്‍ക്കുവേണ്ടിയും ഫയല്‍ ചെയ്തുവെയ്ക്കാനുമൊക്കെ ആവശ്യമുള്ള ഫോട്ടോകളാണ് കൂടുതലും എടുത്തിട്ടുള്ളത്. ഒരുപാട് ആചാരങ്ങള്‍ ഉള്ള ക്ഷേത്രമായതിനാൽ തന്നെ ഒരേസമയത്ത് തന്നെ പലയിടത്ത് പല ചടങ്ങുകള്‍ നടക്കുന്നുണ്ടാവും. എല്ലാം പകര്‍ത്തുകയെന്നത് സാധിക്കുന്ന കാര്യമല്ല. ഉയരത്തിൽ കയറി നിന്നടക്കം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. ആവശ്യമുള്ള ചിത്രങ്ങൾ എടുത്ത ശേഷം അവിടെ നിന്ന് മാറുകയാണ് തന്റെ രീതിയെന്നും അദ്ദേഹം പറയുന്നു.
പിഷാരികാവ് ക്ഷേത്രത്തിന് തൊട്ടടുത്താണ് അഭിറാം മനോജിന്റെ വീട്. ഏതാണ്ട് എല്ലാദിവസവും ഉത്സവക്കാഴ്ചകള്‍ പകര്‍ത്താന്‍ ക്യാമറയുമായി അഭിറാമുണ്ടായിരുന്നു. കുറച്ചുവര്‍ഷങ്ങളായി ക്യാമറക്കണ്ണിലൂടെയാണ് അഭിറാമിന്റെ കാളിയാട്ട ആസ്വാദനം. ഉത്സവാരംഭം മുതൽ വാളകം കൂടുന്നത് വരെ ക്ഷേത്ര പരിസരത്ത് അഭിമാറുമുണ്ട്. ഇത്തവണ ക്ഷേത്രത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയിരുന്നെന്നും ചിലസമയങ്ങളിലെങ്കിലും തിരക്ക് ഫോട്ടോസ് എടുക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നെന്ന് അഭിറാം പറഞ്ഞു.
ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലാണ് ചടങ്ങുകൾ നടക്കുന്നത്. ഫ്രെയിം സെറ്റ് ചെയ്യാൻ പലഭാഗത്തേക്കും മാറി നിൽക്കേണ്ടി വന്നിരുന്നു. ആളുകൾക്ക് മുന്നിൽ നിന്ന് ഫോട്ട് എടുക്കുമ്പോൾ പലരും ചിത്ത പറഞ്ഞു, ചിലർ നല്ല സഹകരണമായിരുന്നെന്നും അദ്ദേഹം പറയുന്നു. കാളിയാട്ടത്തിന്റെ ആദ്യ ദിവസങ്ങളില്‍ താരതമ്യേന തിരക്ക് കുറവായിരിക്കും. വലിയ വിളക്കിനും കാളിയാട്ടത്തിനും ജനസാഗരമായിരിക്കും. അതിനിടയില്‍ ക്യാമറയുമായി ചെന്ന് മുന്നില്‍ സ്ഥാനം പിടിക്കുകയെന്നത് തന്നെ വലിയ ടാസ്‌കാണെന്നാണ് അദ്ദേഹം പറയുന്നത്.
കൊയിലാണ്ടി സ്വദേശിയായ രഞ്ജിത്ത് മലബാര്‍ ചാനലിനുവേണ്ടി കഴിഞ്ഞ മൂന്നുനാലുവര്‍ഷമായി പിഷാരികാവ് ഉത്സവം ലൈവ് വീഡിയോ ആയി ചെയ്തിരുന്നു. ലൈവ് ചെയ്യുമ്പോള്‍ വീട്ടിലിരിക്കുന്നവര്‍ക്ക് ആ സമയം കാണാന്‍ പറ്റുമെങ്കിലും കുറേക്കൂടി എക്കാലവും ഓര്‍മ്മിക്കാന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് രജ്ഞിത്ത് കഴിഞ്ഞവർഷം മുതൽ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. ഉത്സവത്തിന്റെ ഓരോ മിടിപ്പും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുകയാണ് ലക്ഷ്യം.
ഫോട്ടോഗ്രഫിയിലുള്ള ഇഷ്ടമാണ് തിക്കിലും തിരക്കിനും ഇടയിലും ആളുകളുടെ പഴി കേൾക്കേണ്ടി വന്നപ്പോഴും പിന്നോട്ട് മാറാതെ ചിത്രങ്ങൾ പകർത്താൻ പ്രചോദനമായതെന്ന് രഞ്ജിത്ത് പറയുന്നു. ഉത്സവത്തിന്റെ മികച്ച ചിത്രങ്ങൾ എടുക്കുകയായിരുന്നു ലക്ഷ്യം, അത് സാധിച്ചു. ഒരു നല്ല ഫ്രെയിം കിട്ടുകയെന്ന ലക്ഷ്യത്തോടെ പരിശ്രമിക്കുമ്പോള്‍ ചിലരുടെ മുഖം മാറും. വളരെ റിസ്ക് എടുത്താണ് ഓരോ ചിത്രങ്ങളും പകർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ കാഴ്ചകൾ ഒപ്പിയെടുക്കാൻ ഇവർക്ക് പുറമേ നിരവധി ഫോട്ടോഗ്രാഫർമാർ പിഷാരികാവിൽ എത്തിയിരുന്നു. കിഷോർ മാധവും, അൻവിൻ തുടങ്ങിയവരും ഇക്കൂട്ടത്തിൽ ചിലരാണ്. ഒന്നിനൊന്ന് മികച്ച ഫോട്ടോകളാണ് ഓരോരുത്തരും പകർത്തിയത്. നാന്ദകം എഴുന്നള്ളിപ്പ്, പുറത്തെഴുന്നള്ളിപ്പ്, വസൂരിമാല വരവ് ഉൾപ്പെടെ ക്ഷേത്രത്തിലെ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം അവരുടെ കെെകളിൽ ഭദ്രമായിരുന്നു.