‘കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ വന്ന് ശീലിച്ചതാണ് പിഷാരികാവിലെ മേളം കേള്‍ക്കല്‍, ആ പതിവ് ഇപ്പോഴും തുടരുന്നു, ഇത്തവണത്തെ മേളങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം’; പിഷാരികാവിലെ മേളത്തിനൊപ്പം താളംപിടിച്ച് ലയിച്ച് ആസ്വദിച്ച വൈറല്‍ വീഡിയോയിലെ തുഷാര
കൊയിലാണ്ടി: ”ഇത്തവണത്തെ പിഷാരികാവിലെ മേളങ്ങളെല്ലാം ഗംഭീരമായിരുന്നു. എല്ലാം ഒന്നിനൊന്നുമെച്ചം” പറയുന്നത് കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി പിഷാരികാവിലെ മേളങ്ങളുടെ സ്ഥിരം ആസ്വാദകയുമായ തുഷാരയാണ്. തുഷാരയെന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലായി കൊള്ളണമെന്നില്ല, പക്ഷേ ഈ ഉത്സവം കഴിഞ്ഞതോടെ കൊയിലാണ്ടിക്കാര്‍ക്ക് സുപരിചിതയാണ് തുഷാര. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മേളം മതിമറന്ന് ആസ്വദിക്കുന്ന അമ്മയുടെയും മകന്റെയും ആ വൈറല്‍ വീഡിയോ ഓര്‍മ്മയില്ലേ, മേളം പോലെ തന്നെ ഒരു കലയാണ് മേളാസ്വാദനവും എന്ന് കാട്ടിത്തന്ന, അഭിറാം മനോജ് പകര്‍ത്തിയ ആ വീഡിയോയിലെ അമ്മയാണ് തുഷാര.
ആ മേളം കഴിഞ്ഞ് മടങ്ങിയപ്പോള്‍ ഇങ്ങനെയൊരു വീഡിയോ എടുത്ത കാര്യമോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കാര്യമൊ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് തുഷാര പറയുന്നത്. പിറ്റേദിവസം ഭര്‍ത്താവാണ് ‘നിനക്കൊന്ന് കാണണോ?’ എന്ന് പറഞ്ഞ് ആ വീഡിയോ കാട്ടി തന്നത്. പിന്നെ ജോലി ചെയ്യുന്ന സ്‌കൂളിലെ ജീവനക്കാരും പരിചയക്കാരുമെല്ലാം വിളിക്കാന്‍ തുടങ്ങിയതോടെയാണ് അത് ഇത്രത്തോളം വൈറലായെന്ന് അറിഞ്ഞതെന്നും തുഷാര പറഞ്ഞു.
കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ വന്ന് ശീലിച്ചതാണ് പിഷാരികാവിലെ മേളം കാണാന്‍, ആ പതിവ് ഇപ്പോഴും മുടക്കിയിട്ടില്ലെന്നാണ് തുഷാര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ” ഞാന്‍ മേളത്തിന്റെ ആളാണ്. അച്ഛന്‍ കൂട്ടിക്കൊണ്ടുപോയി ശീലിപ്പിച്ചതാണ്. അങ്ങനെ ഞാനും അച്ഛനെപ്പോലെ മേളാസ്വാദകയായി.” തുഷാര പറയുന്നു.
പന്തലായനിക്കാരിയായ തുഷാരയെ വിവാഹം കഴിച്ച് കൊണ്ടുവന്നത് കൊല്ലത്താണ്. അതിനാല്‍ വിവാഹശേഷവും ഉത്സവക്കാഴ്ചകള്‍ മുടങ്ങിയിട്ടില്ല. പിഷാരികാവിലെ മേളങ്ങളും തായമ്പകയുമെല്ലാം കാലങ്ങളായി മുടക്കാറില്ല. എന്നാല്‍ ഇത്തവണ മകന്റെ പരീക്ഷാ തിരക്കളും മറ്റും കാരണം എല്ലാം കാണാനായിട്ടില്ലെന്ന സങ്കടവും അവര്‍ പങ്കുവെച്ചു. വിനോദ് മാരാരുടെ തായമ്പക ഏറെ ആസ്വദിച്ച ഒന്നാണ്. ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവത്തിലും ഈ തായമ്പക മുടക്കിയിട്ടില്ലെന്ന് തുഷാര പറയുന്നു.
ഏറെ ഇഷ്ടമുള്ള ഒന്നായിരുന്നു പിഷാരികാവിലെ പാലച്ചുവട്ടിലെ മേളം. എന്നാല്‍ മൂന്നാല് വര്‍ഷമായി വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം അത് കാണാന്‍ പറ്റിയിട്ടില്ല. ഇത്തവണയും പാലച്ചുവട്ടിലെ മേളം ആസ്വദിക്കാനായില്ലെന്നും അവര്‍ പറഞ്ഞു.
തുഷാരയ്ക്കും ഭര്‍ത്താവ് ദിനേശനും രണ്ട് മക്കളാണ്. ഇരുപത്തിമൂന്ന് വയസുള്ള ആകാശും പതിനഞ്ച് വയസുള്ള അഭിനവുമാണ് മക്കള്‍. ഇരുവര്‍ക്കും അമ്മയെപ്പോലെ തന്നെ മേളത്തോട് കമ്പമാണ്. ഇളയ മകന്‍ അഭിനവാണ് തുഷാരയ്‌ക്കൊപ്പം ആ വീഡിയോയിലുള്ളത്.
”ചെണ്ട പഠിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്നത്തെക്കാലത്തൊന്നും പെണ്‍കുട്ടികളെ ഇതൊന്നും പഠിക്കാന്‍ വിടാറില്ല. ആ ആഗ്രഹം കൊണ്ടാണ് മൂത്ത മകനെ ചെണ്ട പഠിപ്പിച്ചത്.” തുഷാര പറയുന്നു.
കലാമണ്ഡലം ശിവദാസന്‍ മാരാരുടെ ശിക്ഷണത്തില്‍ ആകാശ് ചെണ്ട പഠനം പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹത്തിനൊപ്പവും വിനോദ് മാരാര്‍ക്കൊപ്പവും കൊട്ടാനായി പോകാറുമുണ്ട്. ഇനി തായമ്പക പഠിക്കാനുള്ള ഒരുക്കത്തിലാണെന്നും തുഷാര പറയുന്നു.
ഇളയ മകന്‍ അഭിനവിന് താല്‍പര്യം കൊമ്പ് പഠിക്കാനാണ്. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിരിക്കുകയാണ് അവന്‍. ആഗ്രഹം പോലെ അവനെ കൊമ്പ് പഠിപ്പിക്കുമെന്നും തുഷാര പറയുന്നു.
പിഷാരികാവ് ദേവസ്വം സ്‌കൂളിലെ അംഗനവാടി ആയയായി ജോലി ചെയ്യുകയാണ് തുഷാര.