സിംഗിൾസിലും ഡെബിൾസിലും മികച്ച പ്രകടനം കാഴ്ചവെച്ച് മുചുകുന്ന് സ്വദേശി; നാഷണൽ പാരാ ബാഡ്മിന്റണിൽ കേരളത്തിനായി മാറ്റുരച്ച് നിതിൻ
കൊയിലാണ്ടി: നാഷണൽ പാരാ ബാഡ്മിന്റൺ മത്സരത്തിൽ കേരളത്തിനായി മത്സരിച്ച് മുചുകുന്ന് സ്വദേശി. ലക്നൗവിൽ നടന്ന മത്സരത്തിലാണ് മുചുകുന്ന് കൊന്നക്കൽ താഴെ നിതിൻ (കുട്ടു) പങ്കെടുത്തത്. സിംഗിൾസിലും, ഡെബിൾസിലും കേരളത്തിനായി നിതിൻ കളത്തിലിറങ്ങി. 32 പേർ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനമാണ് നിതിൻ കാഴ്ചവെച്ചത്.
കേരളത്തിൽ നടന്ന മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയാണ് നിതിൻ നാഷണലിലേക്ക് യോഗ്യത നേടിയത്. മാർച്ച് 21 മുതൽ 26 വരെയായിരുന്നു മത്സരം. ബാഡ്മിന്റണിൽ ദേശീയ തലത്തിൽ മത്സരിക്കുന്നത് ആദ്യമാണെന്നും നല്ല അനുഭവമാണ് അവിടെനിന്ന് ലഭിച്ചതെന്നും നിതിൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മികച്ച പരിശീലനം നേടിയാൽ മാത്രമാണ് ഇത്തരം മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കുക. നിലവിൽ കേരളത്തിൽ സെലക്ഷൻ ട്രയലും മറ്റും നടത്തി പങ്കെടുക്കുന്നവരെ നിശ്ചയിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അത് മാറി, പരിശീലനം കൂടി നൽകിയാൽ സ്വർണ്ണമെഡൽ നേടാൻ സാധിക്കുമെന്നും നിതിൻ പറഞ്ഞു.
ദേശീയ തലത്തിൽ സ്വർണ്ണമെഡൽ നേടിയത് കൊണ്ട് മാത്രം ഒളിംബിക്സിലോ എഷ്യൻ ഗെയിംസിലോ പങ്കെടുക്കാൻ കഴിയില്ല. റാങ്കിംഗ് വേണം. അതിന് അന്താരാഷ്ട്ര തലത്തിലുള്ള ഓപ്പൺ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനമോ പത്തിൽ കുറവ് സ്ഥാനമോ നേടണം. അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. സാമ്പത്തികമാണ് മത്സരത്തിന് വിലങ്ങു തടിയാകുന്നതെന്നും നിതിൻ കൂട്ടിച്ചേർത്തു.
ഒരു ഓപ്പൺസിൽ പങ്കെടുക്കാൻ മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും. സാധാരണ കുടുംബമായതിനാൽ തന്നെ ഇത്രയും വലിത തുക കണ്ടെത്തുകയും പ്രയാസമാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ രണ്ട് ഓപ്പൺ ഗെയിംസ് മത്സരങ്ങൾ വരാനുണ്ട്. സ്പോൺസറെ കിട്ടിയാൽ ഇന്ത്യയ്ക്കായി മത്സരിക്കുകയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയയുമെന്നും നിതിൻ കൂട്ടിച്ചേർത്തു.
മിക്സഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രാമനാട്ടുകര സ്വദേശി ഗോകുൽദാസായിരുന്നു നിതിന്റെ പാർട്നർ. ബാഡ്മിന്റണിന് പുറമേ 2018 ൽ നടന്ന നാഷണൽ പാരാ അത്ലറ്റിക്സിൽ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും നിതിൻ മത്സരിച്ചിട്ടുണ്ട്. കൂടാതെ ലിറ്റിൽ പീപ്പിൾസ് ഫുട്ബോൾ ടിമിലും അംഗമാണ്.
അമിഗോസ് അക്കാദമിയിലെ കോച്ച് ശരത്തിന്റെ കീഴിലാണ് നിതിൻ പരിശീലനം നടത്തുന്നത്. ബാലന്റെയും പ്രേമയുടെയും മകനാണ്. നീതു സഹോദരിയാണ്.
മത്സരത്തിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ നിതിനെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയാണ് സ്വീകരണം നൽകിയത്.
Summary: National Para Badminton champianship muchukunnu native nithin participated in the match