കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/02/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
സമയം ദീര്‍ഘിപ്പിച്ചു
ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിച്ചുവരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫെബ്രുവരി 25 വരെ സമയം ദീര്‍ഘിപ്പിച്ചു. നിശ്ചിത മാതൃകയിലുള്ള രജിസ്‌ട്രേഷന്‍ ഫോറം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയോ www.kozhikodejillapanchayath.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372180
ഗതാഗതം നിരോധിച്ചു
കുന്ദമംഗലം – പെരിങ്ങളം റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. കുന്ദമംഗലത്തു നിന്നും പെരിങ്ങളം – കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുന്ദമംഗലം – ചേരിഞ്ചാല്‍ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പട്ടിക പ്രസിദ്ധീകരിച്ചു
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് II – പട്ടികജാതി, പട്ടികവര്‍ഗകാര്‍ക്ക് മാത്രമായി പ്രത്യേക നിയമനം – കാറ്റഗറി നമ്പര്‍ 250/2020 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 10.2.2022ന് നിലവില്‍ വന്ന പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍
കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കഡറി ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി ലാബുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 22 ഉച്ചക്ക് 2 മണി. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495412420, 7012183563.
യൂത്ത് പാര്‍ലമെന്റ്: പ്രസംഗ മത്സരം
നാഷണല്‍ യൂത്ത് പാര്‍ലമെന്റിന്റെ ഭാഗമായി ജില്ലാതല പ്രസംഗ മത്സരം ഫെബ്രുവരി 19ന് കോഴിക്കോട് നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ ഓണ്‍ലൈനായി നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മാഹി ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371891
അറിയിപ്പ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലാ പഞ്ചായത്തിലും www.kozhikodejillapanchayath.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370494
‘ശ്രം’ മെഗാ തൊഴില്‍മേള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കോഴിക്കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവ സംയുക്തമായി കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ സംഘടിപ്പിക്കുന്ന ‘ശ്രം 2022’ മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 19 രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ തുറമുഖം മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെഎഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി സി സത്യഭാമ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടിആര്‍ മായ എന്നിവര്‍ സംബന്ധിക്കും.
അറിയിപ്പ്
ജില്ലയിലെ കൃഷിയാവശ്യത്തിന് സൗജന്യ വൈദ്യുത പദ്ധതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കളെ ചേര്‍ത്ത് കൃഷിഭവന്‍ തലത്തില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. സബ്‌സിഡി തുക മുന്‍കൂറായി ഗ്രൂപ്പുകളാരംഭിക്കുന്ന സീറോ ബാലന്‍സ് അക്കൗണ്ടിലേക്ക് നല്‍കുകയും ഈ അക്കൗണ്ടില്‍ നിന്ന് 10 ദിവസത്തിനകം ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷനിലേക്കുമാണ് നല്‍കുന്നത്. അതിനാല്‍ ജില്ലയിലെ കാര്‍ഷിക ആവശ്യത്തിന് സൗജന്യ വൈദ്യുതി പ്രകാരം എല്‍ടിവി കണക്ഷനിലൂടെ ഗുണഭോക്താവായ മുഴുവന്‍ കര്‍ഷകരും അതത് കൃഷിഭവനുമായി ഫെബ്രുവരി 23 നകം ബന്ധപ്പെടണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍
വനിത-ശിശു വികസന വകുപ്പ് പന്തലായനി അഡീഷണല്‍ ഐസിഡിഎസ് സ്‌പെഷ്യല്‍ അങ്കണവാടിയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കുന്നതിനായി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചക്ക് 12 മണി. അന്നേദിവസം ഉച്ചയ്്ക്ക്് 2 മണിക്ക് തുറക്കും. ഫോണ്‍: 0496 2621190 , 8157807752
ടെണ്ടര്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ സ്‌കൂള്‍ ശുചിത്വ പദ്ധതിക്ക് വേണ്ടി മൂന്ന് സ്‌കൂളുകളില്‍ 2 ക്യുബിക്ക് മീറ്റര്‍ കപ്പാസിറ്റിയുളള വാട്ടര്‍ ജാക്കറ്റ് മോഡല്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും ലിമിറ്റഡ് ടെണ്ടറുകള്‍ ക്ഷണിച്ചു.
അവസാന തീയതി മാര്‍ച്ച് 1 വൈകുന്നേരം അഞ്ച് മണി. മാര്‍ച്ച് 2 രാവിലെ 11 മണിക്ക് ടെണ്ടര്‍ ഫോറങ്ങള്‍ തുറക്കുന്നതായിരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2620305
ലോഗോ ക്ഷണിച്ചു
കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ലോഗോ നവീകരിക്കുന്നതിന് സൃഷ്ടികള്‍ ക്ഷണിച്ചു. ഓണ്‍ലൈനായാണ് സൃഷ്ടികള്‍ സ്വീകരിക്കുക.. സൃഷ്ടികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഫെബ്രുവരി 21 രാവിലെ 10 മുതല്‍ മാര്‍ച്ച് 4 വൈകുന്നേരം 4 വരെ സമര്‍പ്പിക്കാം. ഡിസൈനുകള്‍ പിഡിഎഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം. ഒരാള്‍ക്ക് പരമാവധി 3 ഡിസൈനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.dtpckozhikode.com ഫോണ്‍: 0495-2720012
ബാലുശ്ശേരിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍
ബാലുശ്ശേരി മണ്ഡലത്തിന്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെ.എസ്. ഇ. ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ തലമുറക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാള്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി ആദ്യഘട്ടത്തില്‍ ബാലുശ്ശേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ബാലുശ്ശേരി ടൗണ്‍, പൂനൂര്‍ ടൗണ്‍, നടുവണ്ണൂര്‍ ടൗണ്‍, കൂട്ടാലിട ടൗണ്‍, കൂരാച്ചുണ്ട്. എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
മഹാത്മാ പുരസ്‌കാര നിറവില്‍ കായണ്ണ ഗ്രാമപഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വര്‍ഷത്തെ മഹാത്മാ പുരസ്‌കാരം നേടി കായണ്ണ ഗ്രാമപഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തന മികവിന് നല്‍കുന്ന പുരസ്‌കാരമാണിത്. 1151 പേര്‍ക്ക് 100 ദിനങ്ങള്‍ സാധ്യമാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞെന്ന് പ്രസിഡന്റ് സി.കെ ശശി പറഞ്ഞു. 10.1 കോടിരൂപ വിനിയോഗിച്ച് 1,89,446 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വ്യക്തികള്‍ക്ക് കിണര്‍ കുഴിച്ചു കൊടുത്തു, ആട്ടിന്‍ കൂട്, കോഴിക്കൂട്, തൊഴുത്ത് നിര്‍മാണം എന്നിവ നടപ്പാക്കി. 51 തദ്ദേശീയ റോഡുകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചത്. മണ്ണ്-ജല സംരക്ഷണത്തിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്ര പ്രവൃത്തി നടപ്പാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിക്ക് നിലമൊരുക്കി.
ഹില്‍ ഹൈവേ: ബാലുശ്ശേരിയില്‍ രണ്ട് റീച്ചുകള്‍ക്ക് 113 കോടിയുടെ സാമ്പത്തികാനുമതി
ബാലുശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോവുന്ന ഹില്‍ ഹൈവേയുടെ രണ്ട് റീച്ചിനുമായി കിഫ്ബിയുടെ അന്തിമ സാമ്പത്തികാനുമതി ലഭിച്ചതായി എം.എല്‍.എ കെ.എം സച്ചിന്‍ദേവ് അറിയിച്ചു. 113 കോടിയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. എകരൂല്‍ – കക്കയം ഡാം സൈറ്റ് റോഡിലൂടെയാണ് ഹില്‍ ഹൈവേ കടന്നു പോവുന്നത്. 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ ബി.എം & ബി.സിയും ഡ്രൈനേജും പാലം, കല്‍വര്‍ട്ട് പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടും.
28-ാം മൈല്‍ മുതല്‍ പടിക്കല്‍ വയല്‍ വരെയുള്ള 6.8 കിലോമീറ്ററില്‍ ആവശ്യമായ വീതി ലഭിക്കും, ഈ ഭാഗം പ്രത്യേകമായി പരിഗണിച്ച് പ്രവൃത്തി ആരംഭിക്കാന്‍ നേരത്തെ കെ.ആര്‍.എഫ്.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി 41.23 കോടി രൂപയ്ക്ക് അനുമതി നല്‍കിയത്. ഈ ഭാഗം ഉടനെ ടെണ്ടര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കും.
28-ാം മൈല്‍ മുതല്‍ പെരുവണ്ണാമൂഴി വരെയുളള റീച്ചില്‍ 71.94 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്. ഈ റീച്ചില്‍ കൂരാച്ചുണ്ട് ടൗണില്‍ ആവശ്യമായ വീതി ലഭിക്കുന്നതിനായി അടിയന്തര ഇടപെടല്‍ നടത്താന്‍ ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
പച്ചപ്പിന്റെ കുളിരേകി പുല്ലൂരാംപാറയിലെ പച്ചതുരുത്ത്
കണ്ണിനും മനസിനും പ്രകൃതി ഭംഗിയുടെ കുളിര്‍മ്മയേകി പുല്ലൂരാംപാറയിലെ പച്ചതുരുത്ത്. തെളിഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രകൃതിഭംഗിയുടെ പച്ചവിരിച്ച തുരുത്ത് ഒരുക്കിയിട്ടുള്ളത്. വിവിധയിനം മുളകള്‍ക്ക് പുറമെ മറ്റു മരങ്ങള്‍ കൊണ്ടും സമൃദ്ധമായ തുരുത്താണിത്.
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ 2018 – 19 സാമ്പത്തിക വര്‍ഷം ആരംഭിച്ച പച്ചത്തുരുത്താണിത്. ബാംബൂ മിഷന്റെ ഭാഗമായി മൂന്ന് ഇനം മുളകളുടെ തൈകള്‍ കൂടി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകള്‍ നട്ടത്. തൊഴിലുറപ്പ് പദ്ധതി, പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ വായനശാല, പുല്ലൂരാംപാറ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് മുളത്തൈകളുടെ പരിപാലനവും സംരക്ഷണണവും നിര്‍വഹിക്കുന്നത്. എലന്ത്കടവ് പ്രദേശത്തും ചെറിയ പച്ചതുരുത്ത് നിര്‍മ്മിച്ചിട്ടുണ്ട്.
പ്രകൃതി ഭംഗിയെ പരിപോഷിപ്പിച്ചു നടപ്പാക്കിയ പദ്ധതിയാണിതെന്നും വാര്‍ഡ് 17ല്‍ പുഴയോട് ചേര്‍ന്നൊരുക്കിയ ഈ തുരുത്ത് പുഴക്കരയും മനോഹാരിതയും ഉള്ളതിനാല്‍ ടൂറിസം സാധ്യതകളുള്ള ഇടമാണെന്നും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പറഞ്ഞു.
ജില്ലയിലെ മികച്ച പഞ്ചായത്തുകളില്‍ മരുതോങ്കരയും
നൂറ് ശതമാനവും പദ്ധതിവിഹിതം ചെലവിട്ട മലയോര മേഖലയിലെ മരുതോങ്ക ഗ്രാമപഞ്ചായത്തിന് ഇത് അഭിമാന നേട്ടം. 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് പഞ്ചായത്ത് അര്‍ഹത നേടി. ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പഞ്ചായത്തിന്.
സേവനങ്ങള്‍ക്ക് കാലതാമസം വരുത്താതെയുള്ള പ്രവര്‍ത്തനവും ആസൂത്രണ മികവുമാണ് നേട്ടത്തിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. നികുതി പിരിവിലും 100 ശതമാനം കൈവരിച്ച പഞ്ചായത്താണ് മരുതോങ്കര. പട്ടികജാതി, പട്ടികവര്‍ഗ്ഗ ഫണ്ട് വിനിയോഗം 99.6 ശതമാനമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. \
പഞ്ചായത്തില്‍ പരാതി അദാലത്തുകള്‍ സംഘടിപ്പിക്കുയും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തുവരുന്നു. പഞ്ചായത്തിന് കീഴിലുള്ള 25 അംഗണവാടികളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വീടുകളുടെ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തികരിച്ചു.
പാലിയേറ്റീവ് പരിചരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷിസൗഹൃദം, കൃഷി, ജലസേചന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ നിര്‍മാണം മാലിന്യസംസ്‌കരണം കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം എന്നിവയും പരിഗണിച്ചാണ് പഞ്ചായത്ത് പുരസ്‌കാരനേട്ടത്തിന് അര്‍ഹത നേടിയത്.