വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് മുസ്ലിം ലീഗ്; മേപ്പയ്യൂരിൽ സമര സംഗമം


മേപ്പയ്യൂർ: സംസ്ഥാന സർക്കാർ വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ നിയമസഭയിൽ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ്. വഖഫ് സമരങ്ങളുടെ രണ്ടാം ഘട്ടം മുസ്ലിം ലീഗ് കേരളത്തിലുടനീളം പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമര സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂരിൽ സമര സംഗമം സംഘടിപ്പിച്ചു. സമര സംഗമം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ.മുനീർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.കെ.എം.എ.അസീസ്, കെ.കെ.റഫീഖ് സംസാരിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് സ്വാഗതവും സെക്രട്ടറി മുജീബ് കോമത്ത് നന്ദിയും പറഞ്ഞു.

സമര സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനയുടെയും നേതാക്കളായ ഇസ്മായിൽ കീഴ്പോട്ട്, മുഹമ്മദ് ചാവട്ട്, ഷർമിന കോമത്ത്, നിസാർ മേപ്പയ്യൂർ, ഫൈസൽ ചാവട്ട്, മുഹമ്മദ് മണപ്പുറം, കെ.ലബീബ് അഷറഫ്, ആഷിദ് ചാവട്ട്, കെ.പി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.