തെളിനീർ എന്നൊഴുകും? പന്തലായനിയിൽ കനാൽ കോൺക്രീറ്റ് ചെയ്തു പുനഃസ്ഥാപിച്ചു, ആശങ്കയൊഴിയാതെ കർഷകർ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്നിതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ കനാൽ കോൺക്രീറ്റ് ചെയ്തു പുനഃസ്ഥാപിച്ചു. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുകൂടി പോകുന്ന മെയിൻ കനാലാണ് പുനർ നിർമിച്ചത്. ഇരുവശവും പാർശ്വറോഡുകളോട് കൂടിയാണ് കനാൽ നിർമിച്ചത്.
കോൺക്രീറ്റ് ചെയ്ത കനാൽ സ്ലാബിട്ട് മൂടിയ ശേഷം അതിന് മുകളിലൂടെയായിരിക്കും ബൈപ്പാസ് കടന്നുപോകുക. ഈ പ്രവൃത്തിയാണ് ഇനി ഇവിടെ ബാക്കിയുള്ളത്. അതേസമയം കൊല്ലം കുന്ന്യോറ മലയ്ക്കുസമീപം മുറിച്ചുമാറ്റിയ കനാലിന്റെ നിർമാണം പൂർത്തിയായിട്ടില്ല.
ഫെബ്രുവരിയിൽ ഇടതുകര കനാൽ തുറന്നിരുന്നെങ്കിലും ദേശീയപാത വികസനവും ബെെബെെപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പലസ്ഥലങ്ങളിലും കനാൽ പുനസ്ഥാപിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ കനാൽ തുറക്കുന്നതിന് മുന്നേ പ്രവത്തികൾ പൂർത്തീകരിക്കാത്തത് കൊയിലാണ്ടി മേഖലയിലെ കർഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
വരൾച്ച രൂക്ഷമായാൽ പന്തലായനി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുള്ള കനാലിലൂടെ ജലവിതരണം നടത്താൻ സാധിക്കുന്നതാണ്. ജലസേചന വകുപ്പധികൃതരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കനാലിന്റെ ഒരു ഭാഗത്ത് മണ്ണ് കൂടിക്കിടക്കുന്നുണ്ട്. അത് എടുത്ത് മാറ്റേണ്ടിവരും. കൊല്ലം കുന്ന്യോറ മലയ്ക്കുസമീപം മുറിച്ചുമാറ്റിയ കനാലിന്റെ നിർമാണം പൂർത്തിയായിട്ടില്ല. പന്തലായനി കൂമൻ തോടിലെ കനാൽ അക്വഡേറ്റും പുനർനിർമിക്കണം. ഇവിടെ സൈഫൺ പണിയാനാണ് നീക്കം.
കനാൽവെള്ളം ലഭ്യമായില്ലെങ്കിൽ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. നിർമ്മാണം പൂർത്തികരിക്കനുള്ള കനാലുകളുടെ പ്രവത്തി എത്രയും പെട്ടന്ന് പൂർത്തികരിച്ച് വെള്ളം ലഭ്യമാക്കണമെന്നാണ് കർഷകരുടെ അവശ്യം.