‘മണ്ണ് നീക്കം ചെയ്യുന്നത് 30 അടിയോളം താഴ്ചയിൽ, കുത്തനെ കുന്നിടിച്ചു താഴ്ത്തുന്നത് മണ്ണിടിച്ചിലിന് ഇടയാക്കും’; ഭീതിയില്‍ കൊല്ലം കുന്ന്യോറ മല നിവാസികള്‍
കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മലയില്‍ അപകടകരമായ വിധം കുന്നിടിച്ചു താഴ്ത്തുന്നതായി പരാതി. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് മുപ്പതടിയോളം താഴ്ചയിലാണ് മണ്ണ് നീക്കം ചെയ്യുന്നത്. മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് കുത്തനെയാണ് കുന്നിടിച്ച് റോഡ് നിര്‍മ്മിക്കുന്നത്. അപകടകരമായ വിധത്തിലുള്ള റോഡ് നിർമ്മാണം ജനങ്ങളിൽ ഭീതിപടർത്തുന്നു.
ബെെപ്പാസിന്റെ ഭാഗമായി 45 മീറ്ററോളം വീതിയിലാണ് കുന്നിടിച്ചു നിരത്തുന്നത്. കുറച്ചു കൂടി താഴ്ചയില്‍ മണ്ണ് എടുത്ത് മാറ്റേണ്ടി വരുമെന്നും എന്നാലെ റോഡ് നിരപ്പാകുകയുളളുവെന്നുമാണ് സൂചന.
കൂറ്റന്‍ പാറകല്ലുകളും പൊടി മണ്ണുമാണ് ഇവിടെ. കുത്തനെ മണ്ണിടിച്ചാല്‍ ഒറ്റ മഴയില്‍ തന്നെ ഇവിടം ഇടിയാന്‍ സാധ്യതയുണ്ട്. നിലവിൽ നിരവധി തൊഴിലാളികളാണ് മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് ഇവിടെ ജോലി ചെയ്യുന്നുണ്ട്. കുത്തനെ ഇടിക്കുന്നതിന് പകരം ചെരിഞ്ഞ രൂപത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ അപകട സാധ്യത കുറയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മണ്ണിടിച്ചൽ ഭീതിയിലാണ് കുന്ന്യോറ മലയുടെ മുകളില്‍ താമസിക്കുന്ന കുടുംബങ്ങൾ കഴിയുന്നത്. കുത്തനെ കുന്നിടിച്ച സ്ഥലത്ത് സംരക്ഷണ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്ന ആവശ്യം. കൂടാതെ ബൈപ്പാസിനോടനുബന്ധിച്ചുളള സര്‍വ്വീസ് റോഡ് കുന്ന്യോറ മല നിവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണുന്ന വിധം നിര്‍മ്മിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.