പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടുമാണ് സൗകര്യമെങ്കില്‍ യൂണിഫോം ആ രീതിയില്‍ തയ്പ്പിക്കാം; മാറ്റത്തിന് തയ്യാറായി മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂളും


വടകര: പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടുമാണ് സൗകര്യമെങ്കില്‍ യൂണിഫോം ആ രീതിയില്‍ തയ്പ്പിക്കാമെന്ന നിര്‍ദേശവുമായി മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളും. നേരത്തെ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കി ബാലുശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കയ്യടി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഏതാണ്ട് സമാനമായ തീരുമാനവുമായി മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളും മുന്നോട്ടുവന്നിരിക്കുന്നത്.

അതേസമയം പാന്റും ഷര്‍ട്ടും ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ കൃഷ്ണദാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തങ്ങള്‍ക്ക് പാന്റും ഷര്‍ട്ടുമാണ് സൗകര്യമെന്ന് ചില വിദാര്‍ത്ഥിനികള്‍ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് രക്ഷിതാക്കളുമായി ആലോചിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പഴയതുപോലെ ചുരിദാര്‍ ആണ് സൗകര്യമെന്നുള്ളവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് കുര്‍ത്തയോ മറ്റോ ആണ് സൗകര്യമെങ്കില്‍ ആ രീതിയിലും തയ്പ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.