നന്തിയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് കടയില്‍ തീപ്പിടുത്തം; നിരവധി വസ്തുക്കള്‍ കത്തിനശിച്ചു, ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം


മൂടാടി: നന്തിയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് ഷോപ്പില്‍ തീപ്പിടുത്തം. പുൡമുക്കില്‍ സ്ഥിതി ചെയ്യുന്ന സോന എന്ന കടയ്ക്കാണ് തീപ്പിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.

നിരവധി വസ്തുക്കള്‍ കത്തി നശിച്ചു. കടയില്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ് സാനിറ്ററി ഐറ്റംസ് ഉണ്ടായിരുന്നു. പെയിന്റുകളും മറ്റും സൂക്ഷിച്ചിരുന്ന റൂമിലേക്ക് തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഓ മജീദ്.എം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി.പി.ഷിജു, ഇ.എം.നിധിപ്രസാദ്, സനല്‍ രാജ്, ഷാജു, നിതിന്‍ രാജ്, ഹോം ഗാര്‍ഡ് രാജീവ് എന്നിവരാണ് സംഘത്തിലുള്ളത്.