വ്യാജരേഖ നിർമ്മിച്ച് കുടുംബശ്രീ ലോൺ തട്ടിയെടുത്ത സംഭവം; ആരോപണ വിധേയനായ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ രാജിവെച്ചു


ചെക്യാട്: ചെക്യാട് പഞ്ചായത്ത് വെെസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ.പി കുമാരനാണ് രാജിവെച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

രണ്ടാം വാർഡായ താനക്കോട്ടൂരിലെ യു.ഡി.എഫ് പ്രതിനിധിയായിരുന്നു കുമാരൻ. വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ വളയം പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

കുടുംബശ്രീയിൽ അംഗമല്ലാത്ത വീട്ടമ്മയെ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ .ജോയന്റ് ലയബലിറ്റി ഗ്രൂപ്പ് (ജെഎൽജി ) ലോണായി പാറക്കടവ് കനറാ ബാങ്കിൽനിന്ന് നാലുലക്ഷം രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. കുടുംശ്രീ അംഗമില്ലാത്ത വീട്ടമ്മയിൽ നിന്നും വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി ലോൺ വാങ്ങിയെന്നതാണ് പരാതി. എഴു ലക്ഷം രൂപ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ വീട്ടമ്മ പരാതി നൽകുകയായിരുന്നു.

നിലവിൽ ചെക്യാട് മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി സെക്രട്ടറ്റിയാണ് അദ്ദേഹം. വെെസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജിവെച്ചു.

Summary: UDF representative KP Kumaran resigned from  Chekkiad Panchayat vice President post