ടേക്ക് ഓഫ് ചെയ്യുന്നത് വരെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍, പിന്നീട് ആകാശ കാഴ്ചയുടെ കൗതുകം; ആദ്യ വിമാന യാത്ര ആഘോഷമാക്കി കൊയിലാണ്ടി ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: കൊച്ചിയില്‍ നിന്നും കുതിച്ചു പൊങ്ങിയ വിമാനയാത്രയുടെ അതിശയം ഓരോ കുട്ടികളിലും വ്യക്തമായി കാണാമായിരുന്നു. ബംഗളൂരുവിന്റെ മണ്ണില്‍ കാല്‍ തൊട്ടപ്പോള്‍ അതിശയം ആവേശമായി മാറി. കൊയിലാണ്ടി ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പത്താംതരത്തിലെ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പഠന യാത്രയുടെ ഭാഗമായി വിമാനത്തില്‍ യാത്ര ചെയ്തത്.

22 കുട്ടികളും മൂന്ന് സ്റ്റാഫും അടങ്ങുന്ന പഠനയാത്രാസംഘത്തിന്റെ കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയാണ് ഇത്തവണ വിമാനത്തില്‍ സംഘടിപ്പിച്ചത്. ആകാശത്തിലൂടെ മാത്രം വിമാനം പറന്നു നീങ്ങുന്നത് നോക്കി കണ്ടിട്ടുള്ള കുട്ടികള്‍ക്ക് വിമാന യാത്ര ഏറെ കൗതുകകരമായിരുന്നു.

വിമാനത്തില്‍ പറക്കുക എന്നത് ഒരു സ്വപ്‌നം പോലും അല്ലാതിരുന്ന കുട്ടികള്‍ക്ക് കൊയിലാണ്ടിക്കപ്പുറമുള്ള ഓരോ ആകാശക്കാഴ്ചകളും ആകാംക്ഷ നിറഞ്ഞതായിരുന്നു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന വിദ്യാലയത്തിലെ പഠന യാത്രയ്ക്ക് ഗവണ്‍മെന്റ് അനുവദിച്ചു തന്ന പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ്  വിമാനയാത്ര സംഘടിപ്പിച്ചത്. യാത്രയില്‍ 10 ആണ്‍കുട്ടികള്‍ക്കും 12 പെണ്‍കുട്ടികള്‍ക്കും ഒപ്പം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.വിജുല, അധ്യാപിക എം. ജിഷ, സ്‌കൂള്‍ സ്റ്റാഫ് ഇ. വാസുദേവന്‍ എന്നിവരും ഉണ്ടായിരുന്നു. 1994 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വര്‍ഷങ്ങളായി 100% വിജയമുണ്ട്.