പഴയകാല ഓര്‍മ്മകളുടെ പകിട്ടില്‍ സംസ്ഥാന കലോത്സവ നഗരിയിലെത്തി കൊയിലാണ്ടിക്കാരന് രാഹുല്‍ ശ്രീനിവാസന്; മുന്കലാപ്രതിഭയുടെ കലോത്സവ ചിന്തകളിലൂടെ
ഏറെക്കാലത്തിനുശേഷം സ്കൂള്‍ കലോത്സവ നഗരിയിലെത്തിയ കൊയിലാണ്ടിക്കാരന് രാഹുല്‍ ശ്രീനിവാസന് അത് ഓര്‍മ്മപുതുക്കലിന്റെ നിമിഷങ്ങളായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വേദിയില്‍ വിവിധ മത്സരങ്ങള്‍ക്കുവേണ്ടി ഒരുങ്ങിയിരുന്ന, വിധി പ്രഖ്യാപിക്കുമ്പോള്‍ തന്റെ പേരുണ്ടോയെന്നറിയാന്‍ ജിജ്ഞാസയോടെ കാത്തിരുന്ന തന്റെ യൗവ്വനകാലത്തിന്റെ ഓര്‍മ്മകളായിരുന്നു മനസുനിറയെ.
2009ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭയായിരുന്നു രാഹുല്‍. ഭരതനാട്യം, കുച്ചുപ്പുടി, കഥകളി എന്നീ ഇനങ്ങളിലായിരുന്നു രാഹുല്‍ സംസ്ഥാന തലത്തില്‍ മാറ്റുരച്ചത്. ഫസ്റ്റ് എഗ്രേഡ് നേടുകയും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സന്തോഷത്തോടെയായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള മടക്കം. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു രാഹുല്‍ അന്ന്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കലോത്സവത്തില്‍ കഥകളില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അനുഭവം പറഞ്ഞുകൊണ്ടാണ് രാഹുല്‍ തന്റെ ഇതുവരെയുള്ള ശ്രമങ്ങളെ വരച്ചുകാട്ടുന്നത്. അന്ന് കഥകളിയ്ക്കായി ചുട്ടികുത്തുന്ന ഒരാളും ദൂരെ നിന്ന് ഇത് എത്തിനോക്കുന്ന രാഹുലും ഉള്‍പ്പെടുന്ന പടം പത്രത്തില്‍ വന്നിരുന്നു. ”ഈ ഫോട്ടോ വന്ന പത്രവുമായി തന്റെ പടം പത്രത്തില്‍ വന്നെന്ന് ആഘോഷിച്ച് ഏല്ലാവരേയും കാണിച്ച ഒരു കുട്ടിയായിരുന്നു ഞാന്‍. അന്ന് അച്ഛന് പറഞ്ഞ വാക്കുണ്ട്, ആരുടെയെങ്കിലും മൂലയ്ക്ക് നില്ക്കുന്നയാളായല്ല, നിന്റെ തന്നെ പടം പത്രത്തില്‍ വരുന്നതല്ലേ ഇതിലും സന്തോഷമെന്ന്. അങ്ങനെ വരാന്‍ പരിശ്രമിക്കണമെന്ന്. എന്റെ പരിശ്രമങ്ങളാണ്” കലാജീവിതത്തില്‍ ഇവിടെവരെ എത്താന്‍ സഹായിച്ചതെന്നും രാഹുല്‍ പറയുന്നു.
എട്ടാം ക്ലാസുമുതല്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചതിന്റെ അനുഭവപരിചയമുണ്ടായിരുന്നു അന്ന് കൂട്ടിന്. എട്ടാം ക്ലാസില്‍ പഠിക്കവെ കണ്ണൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ കഥകളിക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു. കലാമണ്ഡലം സരസ്വതി ടീച്ചറില്‍ നിന്നായിരുന്നു ഭരതനാട്യം പഠിച്ചത്. ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായരില്‍ നിന്നും കഥകളിയുടെ പാഠങ്ങളും പകര്‍ന്നുകിട്ടി. കലാമണ്ഡലം പ്രേംകുമാര്‍, കലാനിലയം വാസുദേവന്‍ തുടങ്ങിയവരും ഗുരുക്കന്മാരുടെ പട്ടികയിലുണ്ട്.
കലാമേളകളിലൂടെ കുട്ടികളില്‍ മത്സരബുദ്ധി സൃഷ്ടിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും അന്യം നിന്നുപോകുന്നവയുള്പ്പെടെ നിരവധി കലകള്‍ ആസ്വാദകര്‍ക്ക് കണ്ടാസ്വദിക്കാനും പരിചയപ്പെടാനും മനസിലാക്കാനുമൊക്കെ കഴിയുന്ന ഇടം എന്നതാണ് ഇത്തരം കലാമേളകളുടെ പ്രസക്തിയെന്നാണ് രാഹുല്‍ പറയുന്നത്. ”ജീവിതം കലയ്ക്കുവേണ്ടി മാറ്റിവെച്ചാലേ കലയെ നമുക്ക് പരിപോഷിപ്പിക്കാനാകൂവെന്നതാണ് എന്റെ നിലപാട്. ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും അതാണ്. ജീവിതത്തില്‍ ഏതൊക്കെ കലകള്‍ പഠിക്കാന്‍ കഴിയുമോ അതെല്ലാം ഞാന്‍ പഠിക്കും. നാടകം പ്രധാനമായും പഠിച്ചുകൊണ്ടിരിക്കുന്നയാളായതുകൊണ്ട് ഞാന്‍ പഠിച്ച കഥകളിയായാലും ഭരതനാട്യമായാലും കഥാപ്രസംഗമായാലും നാടകത്തിലേക്ക് കൂടി അതിന്റെ അംശങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ പലപല പരീക്ഷണങ്ങള്‍ക്കുമുള്ള അവസരങ്ങളുണ്ട് കലയില്‍” രാഹുല്‍ പറയുന്നു.
പ്ലസ് ടുവിനുശേഷം മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങാണ് പഠിച്ചതെങ്കിലും കലാജീവിതവും മുമ്പെത്തേക്കാള്‍ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോയി. ബി.ടെക് പഠിക്കവെ 2013ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.സോണ്‍ കലാപ്രതിഭയായിരുന്നു. രണ്ടുവര്‍ഷം എഞ്ചിനിയറിങ് ഫീല്‍ഡില്‍ ജോലി ചെയ്തശേഷം പിന്നീട് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു.
ഇന്ന് സിനിമാ രംഗത്തും സജീവമാണ് രാഹുല്‍. കന്നട ചലച്ചിത്രത്തില്‍ സെക്കന്റ് ഹീറോ ആയായിരുന്നു അരങ്ങേറ്റം. അടുത്തകാലത്ത് ബംഗാളി സിനിമയില്‍ നാകനായി അഭിനയിച്ചു. ഈ ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്വന്തം നിലയില്‍ ചില മലയാള സിനിമകളുടെ പണികളും മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഭരതനാട്യത്തില്‍ പി.ജിയുണ്ട്. തിയേറ്ററിലും പി.ജി ചെയ്തിട്ടുണ്ട്. നിലവില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും തിയേറ്ററില്‍ പി.എച്ച്.ഡി ചെയ്യുന്നുമുണ്ട്. ഒപ്പം തന്നെ വടകരയിലെ ബി.എഡ് കോളജില്‍ ആര്‍ട്ട് എഡ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുന്നുണ്ട്.