എന്തുകൊണ്ടാണ് സ്കൂൾ കലോൽസവത്തിന് മീൻകറി വിളമ്പാത്തത്?


 

രൂപേഷ് ആര്‍.

കേരളത്തിലെ സസ്യഭക്ഷണ ശീലക്കാർ രണ്ടു വിധമാണ് ഒന്ന് ആചാരപരം രണ്ട് ചോയിസിന്റെ പുറത്ത്. ഈ രണ്ട് വിഭാഗക്കാരും മൈക്രോ മൈനോറിറ്റിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയയായ സ്കൂൾ കലോൽസവത്തിൽ മീൻ കൂട്ടാൻ (മീൻകറി ) വിളമ്പാത്തത് ?

ഒറ്റ നോട്ടത്തിൽ തന്നെ പറയാം മൽസ്യം/മാംസം ജാതിപരമായി ഒരു അധഃകൃത ഭക്ഷണമാണെന്നാണ് സവര്‍ണ കാഴ്ചപ്പാട്. സത്യത്തിൽ നമ്പൂതിരി ഒഴിച്ച് ബാക്കി എല്ലാ സവർണ്ണരും അതു കഴിക്കുന്നുണ്ടു എങ്കിലും. ഈ ഒരൊറ്റ കാരണം കൊണ്ടാണ് മാംസ ഭക്ഷണത്തെ കേരളത്തിന്റെ പല പൊതു ചടങ്ങുകളുടേയും പടിക്കു പുറത്ത് നിർത്തുന്നത്.

സത്യത്തിൽ പച്ചകറിയേക്കാൾ കേരളത്തിൽ സുലഭമായിട്ടുളളത് മൽസ്യമാണ്. കേരളം ഒരു തീരദേശ സംസ്ഥാനമാണ്. എന്നിട്ടും നാം പഴയിടം മോഹനൻ നമ്പൂതിരിയെ പണ്ടാരിയായി എഴുന്നള്ളിക്കുന്നത് മേൽ പറഞ്ഞ ജാതി ബോധം ഒന്നു കൊണ്ടാണ് എന്നു പറയാം. അല്ലാതെ മറ്റെന്ത് കാരണമാണുളളത്?

പണ്ടൊക്കെ മത്സ്യമായാലും മാംസമായാലും ഭക്ഷ്യയോഗ്യമാക്കാൻ പാചകക്കാരൻ കുറച്ച് പാചകപൂർവ്വ ശ്രമത്തിൽ ഏർപ്പെടണം. എന്നാൽ ഇന്ന് അത് പാചകത്തിന് തയ്യാറായ വിധം (Ready to cook ) മാർക്കറ്റിൽ ലഭ്യമാണ് അതായത് പച്ചകറി പോലെ നേരിട്ട് അടുപ്പിൽ കയറ്റാം. അപ്പോൾ ആ ന്യായം നിലനിൽക്കുന്നതല്ല.

പിന്നെ അധിക ചിലവ് എന്ന ന്യായവും നിലനിൽക്കുന്നതല്ല. കാരണം സർക്കാർ കൊടുക്കുന്ന ഫണ്ടിൽ മാത്രം നടത്തുന്ന ഒന്നല്ല കലോൽസവം. നടത്തിപ്പു സംഘങ്ങൾ പല രൂപത്തിലുളള വിഭവ സമാഹരണം അതിനായ് നടത്തുന്നുണ്ട്. അതിൽ നിന്ന് അധികമായി കിട്ടുന്ന പണം അവർക്ക് സ്വന്തമായി ഉപയോഗിക്കാവുന്ന വിധത്തിലുമാണ്.

അപ്പോൾ ഈ വാദങ്ങൾ ഒന്നും നിലനില്ക്കുന്നതല്ല. അപ്പോൾ അടിസ്ഥാന കാരണം നമ്മളിൽ നിന്ന് പടിയിറങ്ങാത്ത ജാതി ബോധം തന്നെയല്ലാതെ മറ്റെന്താണ്?
കേരളീയ കലകൾ അഭ്യസിക്കുന്നവരുടെ കാര്യത്തിൽ നില നിന്നിരുന്ന സവർണ്ണത്വം ആകാം ഒരു കാലത്ത് ഇത്തരം നിഷ്ഠയ്ക്ക് പിറകിൽ നിശ്ചയമായും പ്രവർത്തിച്ചു കാണുക. പക്ഷെ കാലം മാറി. കലയിലെ ജാതി പ്രാമാണികത്വത്തിന് ഇളക്കം തട്ടി.
പക്ഷെ ചിലത് മാത്രം മാറുന്നില്ല, മാറ്റുന്നില്ല !

കേരളം ജാതി രൂഡമൂലമായ സമൂഹമാണ്. എത്ര അതല്ല എന്നു വാദിച്ചാലും. നമ്പൂതിരി വെച്ച് വിളമ്പിയാൽ അമൃതു പോലെ നാം അത് ഭക്ഷിക്കും. സംഘപരിവാർ യുക്തികൾ വിളയിപ്പിച്ചെടുക്കാൻ ഏറ്റവും സാധ്യതയുളള സമൂഹമാണ് കേരളം. അവരുടെ അധികാര അലഭ്യത എന്നത് സത്യത്തിൽ ഒരു വിഷയമേ അല്ല കാരണം ആ യുക്തികൾക്ക് കേരളത്തിൽ ആരു ഭരിച്ചാലും ആഴത്തിലുള്ള പ്രാമാണികത്വം ഉണ്ട്.