നടുവണ്ണൂരില്‍ പേപ്പട്ടിയുടെ അക്രമം; എന്‍.എസ്.എസ്.ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറുപേര്‍ക്ക് കടിയേറ്റു


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി ആറു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. തിരുവോട്, വാകയാട്, തുരുത്ത്യാട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്.

ചൊവ്വാഴ്ച രാവിലെ തിരുവോട് റേഷന്‍ഷോപ്പിനടുത്ത് വച്ച് ഒരാള്‍ക്ക് നായയുടെ കടിയേറ്റു. തിരുവോടുനിന്ന് വാകയാട് ഭാഗത്തേക്കുവന്ന നായ നാലുപേരെ കടിച്ചു. കോവിലകം പാലംവഴി തുരുത്ത്യാട് ഭാഗത്തെത്തിയ നായ വീടിനകത്തുകയറി യുവതിയെയും കടിച്ചു. നായയെ നാട്ടുകാര്‍ പിടികൂടി പരിശോധനയ്ക്കായി വട്ടോളി എ.ബി.സി. സെന്ററിലേക്ക് കൊണ്ടുപോയി.

വാകയാട് എ.യു.പി. സ്‌കൂളില്‍ നടക്കുന്ന പൂവമ്പായ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനിക്കും മറ്റ് മൂന്നുപേര്‍ക്കുമാണ് ആ പ്രദേശത്ത് കടിയേറ്റത്. വിദ്യാര്‍ത്ഥിനിയെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കടിയേറ്റവരൊക്കെ പ്രതിരോധകുത്തിവെപ്പെടുത്തു. ക്യാമ്പിന്റെ ഭാഗമായി ബുധനാഴ്ച നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ പ്രചാരണനോട്ടീസ് വീടുകളില്‍ നല്‍കാന്‍വേണ്ടി എത്തിയതായിരുന്നു വിദ്യാര്‍ത്ഥികളും അധ്യാപകരും.