മത്സവില്‍പനക്കാരുടെ തട്ടുകള്‍ അടിച്ചു തകര്‍ത്തു, റോഡരികിലെ പഴയ കാറിന്റെ ബംബര്‍ പൊളിച്ചിട്ടു, വന്മുഖം സ്‌കൂളിന്റെ ബോര്‍ഡ് പിഴുതിട്ടു; നന്തിയില്‍ അഴിഞ്ഞാടി സാമൂഹ്യദ്രോഹികള്‍


നന്തി ബസാര്‍: രാത്രിയുടെ മറവില്‍ നന്തിയില്‍ അഴിഞ്ഞാടി സാമൂഹ്യ ദ്രോഹികള്‍. കഴിഞ്ഞ രാത്രി നന്തി ടൗണിലുടനീളം അക്രമം നടത്തി ബോര്‍ഡുകളും കച്ചവടക്കാരുടെ തട്ടുകളും നശിപ്പിച്ചിരിക്കുകയാണ് അജ്ഞാതരായ ആളുകള്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പഴയ മൂടാടി ഗ്രാമ പഞ്ചായത്തിനടുത്ത് ദേശീയ പാതയില്‍ ഉണ്ടായിരുന്ന മത്സ്യക്കച്ചവടക്കാരുടെ തട്ടുകള്‍ മുഴുവന്‍ അടിച്ചു പൊളിച്ചു. നന്തി മേല്‍പാലത്തിനടുത്ത് വന്‍മുഖം ഗവ: ഹൈസ്‌ക്കൂളിന്റെ പേരെഴുതിയ ദിശാ ബോര്‍ഡ് പിഴുത് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ മേല്‍പ്പാലനത്തിന് സമീപമുള്ള പഴയ കാറിനും നാശം വരുത്തിയിട്ടുണ്ട്.

നര്‍വ്വ റസിഡന്‍സ് അസോസിയേഷന്റെ ബോര്‍ഡുകള്‍, ലഗാസി മാര്‍ഷല്‍ അക്കാദമിയുടെ കളരി ഉല്‍ഘാടന പോസ്റ്ററുകള്‍, ഇരിങ്ങല്‍ അന്താരാഷ്ട്ര കലാകരകൗശല മേളയുടെ ബോര്‍ഡുകള്‍ തുടങ്ങിയവയും നശിപ്പിക്കപ്പെട്ടിച്ചുണ്ട്.

ഈ പ്രദേശങ്ങളില്‍ രാത്രികാല പെട്രോളിങ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.