അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ആരോപണത്തില്‍ അവ്യക്തത ഉണ്ടെന്ന് ബാലാവകാശ കമ്മീഷന്‍, പോലീസും എക്‌സൈസും വിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായി ഇടപെട്ടു



അഴിയൂര്‍:
അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ആരോപണത്തില്‍ അവ്യക്തത ഉണ്ടെന്നും പോലീസും എക്‌സൈസും വിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായി വിഷയത്തില്‍ ഇടപെട്ടെന്നും കമ്മീഷര്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പറയുന്നത്ര വിഷയങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകര്‍, പിടിഎ, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ വിവരം ശേഖരിച്ചു. വിദ്യാര്‍ഥിയെ പിന്നീട് കാണാനാണ് കമ്മീഷന്റെ തീരുമാനം. കമ്മീഷന്‍ അംഗം ബബിതയും സംഘത്തിലുണ്ടായിരുന്നു. കമ്മീഷന്‍ സ്വമേധയായാണ് കേസ് ഏറ്റെടുത്തത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനുമെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. പോലീസ് കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ കൃത്യസമയത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യ്തില്ലെന്നും കുടുംബം ആരോപിച്ചു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇവര്‍ വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.