കൊയിലാണ്ടിയിൽ നിന്ന് വളർന്ന് മലയാള പ്രസാധന രംഗത്ത് പടർന്ന ജ്ഞാനേശ്വരി; ഇരുപതാം വാർഷികം നാളെ ആഷാ മേനോനൊപ്പം
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ പുസ്തക പ്രസാധകരായ ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ ഇരുപതാം വാര്‍ഷികാഘോഷം തിങ്കളാഴ്ച നടക്കും. എഴുത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന ആഷാ മോനോനൊപ്പമാണ് ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നത്. കൊയിലാണ്ടി സ്വദേശികളായ മണിശങ്കർ, ഷൈമ എന്നിവരാണ് ജ്ഞാനേശ്വരി പബ്ലിക്കേഷൻസിന്റെ അമരക്കാർ.
ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സും ചവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി കോഴിക്കോട് അമലാപുരിയിലെ ചവറ ഹാളില്‍ വച്ചാണ് നടക്കുക. സാഹിത്യലോകത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.
രാവിലെ പത്ത് മണിക്ക് പരിപാടി ആരംഭിക്കും. എഴുത്തുകാരന് എം.മുകുന്ദനാണ് ഉദ്ഘാടനം. ജതിംഗ പക്ഷികള്‍ മരണത്തിലേക്ക് കൂപ്പു കുത്തുന്നിടം എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇക്കോ സ്പിരിച്വലിസം എന്ന വിഷയത്തില്‍ ഫാ. ബോബി ജോസ് കട്ടിക്കാട് പ്രഭാഷണം നടത്തും. ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണ്ണാത്തറ ചടങ്ങില്‍ അധ്യക്ഷനാകും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സജയ് കെ.വി, ഡോ. പി.ശിവപ്രസാദ് എന്നിവര്‍ പങ്കെടുക്കുന്ന ആഷാപഥം. ഉച്ചയ്ക്ക് 1:45 ന് ജി.ലക്ഷ്മി നിവേദിത ആഷാ മേനോന്റെ തൃതി പാരായണം ചെയ്യും. തുടര്‍ന്ന് രണ്ട് മണിക്ക് കത്തെഴുത്ത്, വായന എന്നിവ നടക്കും.
വൈകീട്ട് നാല് മണിക്കുള്ള സമാപന സമ്മേളനം സാഹിത്യകാരന് യു.കെ.കുമാരന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയാകുന്ന ചടങ്ങില്‍ എഴുത്തുകാരന് സുഭാഷ് ചന്ദ്രന് മുഖ്യാതിഥിയാകും. കല്‍പ്പറ്റ നാരായണന് മുഖ്യപ്രഭാഷണം നടത്തും.