ജനങ്ങളുടെ സുരക്ഷയ്ക്ക് പുല്ലുവില; പിന്‍വശത്ത് ഡോറില്ല, നമ്പര്‍ പ്ലേറ്റില്ല, കെട്ടിവെക്കുക പോലും ചെയ്യാതെ അപകടകരമാംവിധം റോഡ് റോളര്‍ കയറ്റി വാഗാഡിന്റെ ടിപ്പോര്‍ ലോറി- നരക്കോട് നിന്നുള്ള ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ തുടര്‍ന്ന് വാഗാഡ് കമ്പനി. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മിക്കുന്ന കമ്പനി നിര്‍മ്മാണ സാമഗ്രികള്‍ യാതൊരു സുരക്ഷിതത്വവും പാലിക്കാതെ കൊണ്ടുപോകുന്നത് നേരത്തെയും പലതവണ ദൃശ്യങ്ങള്‍ സഹിതം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
റോഡ് റോളര്‍ ഏറെ അപകടകരമാംവിധം വാഗാഡ് ലോറിയില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നരക്കോട് നിന്നും ചിത്രീകരിച്ച ഈ ദൃശ്യങ്ങളില്‍ പിന്നില്‍ ഡോറില്ലാത്ത ലോറിയില്‍ റോഡ് റോളര്‍ കൊണ്ടുപോകുന്നതാണ് കാണുന്നത്. റോഡ് റോളര്‍ ലോറിയുമായി ചേര്‍ത്ത് കെട്ടിവെക്കുക പോലും ചെയ്തിട്ടില്ല. ടയറിനു കീഴെ ചെറിയ കല്ലുകള്‍ വെച്ചതൊഴിച്ചാല്‍ മറ്റ് യാതൊരു സുരക്ഷാ മുന്‍കരുതലുമെടുത്തിട്ടില്ല.
ഉയര്‍ന്ന സ്ഥലത്തുകൂടി ഈ ലോറി കടന്നുപോകുമ്പോള്‍ റോഡ് റോളര്‍ ഉരുണ്ട് വീണ് പിറകില്‍ വരുന്ന വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. റോളറുമായി പോകുന്ന ലോറിയ്ക്ക് പിന്നില്‍ നമ്പര്‍ പ്ലേറ്റില്ല.
നേരത്തെയും വാഗാഡ് ലോറികളുടെ മരണപ്പാച്ചിലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പിറകുവശം ഡോറില്ലാത്തതിന്റെ പേരിലും നമ്പര്‍ പ്ലേറ്റില്ലാത്തതിന്റെ പേരിലും ആര്‍.ടി.ഒ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഡോറുകള്‍ ഫിറ്റ് ചെയ്യാന്‍ സമയം ആവശ്യപ്പെടുകയാണ് കമ്പനി ചെയ്തത്. ആഴ്ചകള്‍ക്കിപ്പുറവും സമാനമായ നിയമലംഘനങ്ങള്‍ വാഗാഡ് തുടരുകയാണ്.
വീഡിയോ: