കീഴരിയൂർ ആനപ്പാറ ക്വാറി പ്രശ്നം; ചില രാഷ്ട്രീയ പാർട്ടികൾ സമരത്തിന് പിന്തുണ നൽകുന്നത് വസ്തുതകൾ മനസ്സിലാക്കാതെ; ഇത് വികസനത്തിന് തുരങ്കം വയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമെന്ന് ക്വാറി- ക്രഷർ കോഡിനേഷൻ കമ്മറ്റി


കൊയിലാണ്ടി: ‘വികസന പ്രവർത്തനങ്ങളും നടന്ന് വരുന്ന ഈ സമയത്ത് അതിനെയെല്ലാം തുരങ്കം വെക്കുവാനുള്ള ബോധപൂർവ്വമായ ഒരു ശ്രമത്തിന്റെ ഭാഗമാണ് ക്വാറി- ക്രഷറുകൾക്ക് എതിരായ ഇത്തരം നീക്കങ്ങളെന്നു ജില്ലാ ക്വാറി- ക്രഷർ കോഡിനേഷൻ കമ്മറ്റി. കീഴരിയൂർ ആനപ്പാറ ക്വാറി പ്രശ്നത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു ഇവർ.

യഥാർത്ഥ വസ്തുതകൾ അന്വേഷിക്കാതെയും മനസ്സിലാക്കാതെയുമാണ് ചില രാഷ്ട്രീയ പാർട്ടികൾ സമരത്തിന് പിന്തുണ നൽകുന്നതെന്നും ആവശ്യമായ മുഴുവൻ ലൈസൻസുകൾക്കും പുറമെ ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവും കീഴരിയൂർ ആനപ്പാറ ക്വാറിക്കുണ്ട് എന്നും കമ്മിറ്റി അവകാശപ്പെട്ടു.

നിയമാനുസൃതം പ്രവർത്തിച്ച് വരുന്ന ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണെന്നതായിരുന്നു അവരുടെ മറ്റൊരു വാദം.

നൂറു കണക്കിന് തൊഴിലാളികൾ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന മേഖലയാണിത്. ഇത്തരം വ്യവസായങ്ങളെ പരിസ്ഥിതി ചൂഷണത്തിന്റെ പേര് പറഞ്ഞ് ദ്രോഹിക്കുന്നതിന് പകരം അർഹമായ അംഗീകാരം നൽകി സംരക്ഷിക്കുവാനും ഒരു വ്യവസായമായി അംഗീകരിക്കുവാനും നടപടി വേണമെന്നും ക്രഷർ കോഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

നിയമാനുസൃതം പ്രവർത്തിച്ച് വരുന്ന മുഴുവൻ ക്വാറി ക്രഷർ സ്ഥാപനങ്ങൾക്കും ആവശ്യമായ നിയമ സംരക്ഷണം ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം പ്രശ്ന പരിഹാരമാവുന്നത് വരെ ജില്ലയിലെ മുഴുവൻ ക്വാറി ക്രഷർ സ്ഥാപനങ്ങളും അടച്ച് പൂട്ടുവാൻ തങ്ങൾ നിർബന്ധിതരാവുമെന്നും കോർഡിനേഷൻ കമിറ്റി മുന്നറിയിപ്പ് നൽകി.

ഹബീബ് റഹ്മാൻ, കെ.പി ഷാജി മുക്കം, സ്മൈൽ എം.ആന്റോ, കെ.ആർ രാജൻ, സുകുമാരൻ മുക്കം, സിദ്ധാർത്ഥൻ നന്മണ്ട, ഹരിദാസൻ, നസീർ വള്ളിയോത്ത് എന്നിവർ സംസാരിച്ചു.