അടച്ചിട്ട കടയിൽ നിന്ന് പുകയുയർന്നു; പരിഭ്രാന്തരായി എരഞ്ഞിപ്പാലം നിവാസികൾ
എരഞ്ഞിപ്പാലം: അടച്ചിട്ട കടയിൽ നിന്ന് പുകയുയരുന്നത് കണ്ട് അകെ പരിഭ്രാന്തരായെങ്കിലും സമയോചിതമായ പ്രവർത്തനത്തിലൂടെ ഒഴിവായത് വൻ ദുരന്തം. എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളിലാണ് സംഭവം.
രാത്രി ഏഴുമണിയോടെ മലബാർ ആശുപത്രിക്ക് സമീപത്തെ ഡയാലി ബേക്കറിക്കുള്ളിലാണ് തീപിടിച്ചത്. നാട്ടുകാരുടേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിലൂടെ വൻ അപകടമാണ് ഒഴിവായത്.
ഇന്ന് അവധിയായിരുന്നതിനാൽ കട അടവായിരുന്നു. കടയിലാരുമുണ്ടായിരുന്നില്ല. കടയ്ക്കുള്ളിൽ നിന്ന് ചെറിയതോതിൽ പുക പുറത്തേക്ക് വരുന്നത് കണ്ട പരിസരവാസികൾ പൊലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ തന്നെ പോലീസ് സംഭവസ്ഥലത്തെത്തുകയും ഷട്ടർപൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു.
വെള്ളിമാട് കുന്നിൽ നിന്ന് ഫയർഫോഴ് ടീം എത്തുമ്പഴേക്കും നാട്ടുകാരുടെയും പോലീസുകാരുടെയും സമയോചിതമായ പ്രവർത്തനത്തിലൂടെ തീ അണച്ചിരുന്നു. അതിനാൽ തന്നെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുന്നതിൽ നിന്നും സമീപത്തേക്കു പടരുന്നതിൽ നിന്നും തടയാനായി. ജ്യൂസർമെഷീനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ടീം പറഞ്ഞു.